
കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്ത ട്രെയിനി ഡോക്ടറുടെ കുടുംബത്തോട് ദുഃഖവും ഐക്യദാര്‍ഢ്യവും അറിയിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
തൃണമൂല്‍ ഛത്ര പരിഷത്തിന്റെ സ്ഥാപക ദിനം സംഭവത്തിന് ഇരയായ പെണ്‍കുട്ടിക്ക് സമര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി മമത എക്‌സില്‍ എഴുതിയ പോസ്റ്റില്‍ പറഞ്ഞു. മനുഷ്യത്വ രഹിതമായ സംഭവങ്ങള്‍ക്കിരയാകുന്ന എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കുമൊപ്പമാണ് തങ്ങള്‍, മാപ്പ് – അവര്‍ കുറിച്ചു. ബംഗാളിയിലാണ് മമതയുടെ പോസ്റ്റ്.
ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സഹോദരിയുടെ കുടുംബത്തെ ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവള്‍ക്ക് വേഗത്തില്‍ നീതി ലഭിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു – മമത ബാനര്‍ജി വ്യക്തമാക്കി. ടിഎംസിപി എന്നറിയപ്പെടുന്ന തൃണമൂല്‍ ഛത്ര പരിഷത്ത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമാണ്.
അതേസമയം, പശ്ചിമ ബംഗാളില്‍ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെ 12 മണിക്കൂര്‍ ബന്ദിനാണ് ബിജെപി ആഹ്വാനം ചെയ്തത്. അതേസമയം ബന്ദ് ആഹ്വാനം തള്ളിയ സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കമുള്ള തുറന്നു പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കി.
ബംഗാള്‍ പൊലീസിന് കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസില്‍, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധം അക്രമാസക്തമായ പശ്ചാതലത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ ബന്ദ്. അക്രമങ്ങളെ തുടര്‍ന്ന് 200 ഓളം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ 29 പൊലീസുകാര്‍ക്ക് പരുക്കേറ്റു.