സ്വന്തം ലേഖകൻ
കൊച്ചി: അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതി പറയുന്ന നടിമാരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുള്ളതെന്ന് ഹേമ കമ്മിഷൻ റിപ്പോർട്ടില്‍ മൊഴി. പരാതി പറഞ്ഞ നടിമാർക്ക് സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുന്ന നടന്മാരുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. പൊലീസിനെയോ മറ്റ് പരാതിയുമായി സമീപിച്ചാലുണ്ടാകുന്ന പരിണിത ഫലം ഭീകരമാണെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നടിമാരുടെയും കുടുംബാംഗങ്ങളുടെയും ജീവന് വരെ ഭീഷണി നേരിടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കടന്നെന്നും റിപ്പോർട്ടില്‍ പരാമർശിക്കുന്നുണ്ട്. പരാതി കൊടുത്ത ഒരു നടി വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോ വരെ അയച്ചുകൊടുത്ത് അവരെ തളർത്തുന്ന നടന്മാർ വരെ മലയാള സിനിമയിലുണ്ടെന്ന മൊഴിയും പുറത്തുവന്നിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിസ്ഥാനമായ മനുഷ്യാവകാശങ്ങള്‍ പോലും സ്ത്രീകള്‍ക്ക് മലയാള സിനിമയില്‍ ലഭിക്കുന്നില്ല എന്ന വ്യക്തമാക്കുന്ന പരാമർശങ്ങളാണ് റിപ്പോർട്ടിലുള്ളത്. വസ്ത്രം മാറാനുള്ള മുറിയില്ല. പ്രാഥമിക ആവശ്യം പോലും നിറവേറ്റാനുള്ള സൗകര്യം സിനിമ സെറ്റുകളില്‍ ഉണ്ടാകാറില്ലെന്ന വിമർശനം കൂടി ഉയരുന്നുണ്ട്. മലയാള സിനിമയിലെ ചില നടന്മാർക്ക് ലഭിക്കുന്ന സുഖ സൗകര്യങ്ങളൊന്നും ഒറ്റൊരു നടിക്ക് പോലും ലഭ്യമാകുന്നില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
സിനിമ മേഖലയിലുള്ള കാസ്റ്റിംഗ് കൗച്ച് യഥാർത്ഥ്യമാണെന്നും ഒറ്റയ്ക്ക് ഹോട്ടല്‍ മുറിയില്‍ കഴിയാൻ നടിമാർക്ക് ഭയമാണെന്ന മൊഴിയും റിപ്പോർട്ടിസുണ്ട്. മിക്ക നടിമാരും മാതാപിതാക്കള്‍ക്കൊപ്പമാണ് ഹോട്ടല്‍ മുറിയില്‍ കഴിയുക. പല നടിമാരും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസി, പോഷ് നിയമ പ്രകാരം കേസെടുക്കേണ്ട സാഹചര്യം വരെയുണ്ടായി.