ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത് എസ്പിഐഒ ; സർക്കാരിന് ബന്ധമില്ലെന്ന് മന്ത്രി സജി ചെറിയാന്‍

Spread the love

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ എതിരല്ലെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതില്‍ നിയമതടസമില്ല.
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആണ് റിപ്പോര്‍ട്ട്പുറത്തുവിടേണ്ടത്. സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും സാംസ്‌കാരിക വകുപ്പിന് യാതൊരു പങ്കുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സാംസ്‌കാരിക വകുപ്പിനോട് വിവരാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ വിശദീകരണം തേടിയെന്ന വാര്‍ത്ത മന്ത്രി തള്ളി. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ ഹൈക്കോടതി പറഞ്ഞ സമയം അവസാനിച്ചോ എന്നും എന്തിനാണ് തിടുക്കപ്പെടുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് ചോദിച്ചു
ഹൈക്കോടതി പറഞ്ഞതുപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും പുറത്തുവിടണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ധൃതി ആവശ്യമില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടണമെന്ന് കോടതി പറഞ്ഞിട്ടില്ല. എല്ലാ നിയമവശങ്ങളും പരിശോധിച്ചാകും റിപ്പോര്‍ട്ട് പുറത്തുവിടുക.
നിലവില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് യാതൊരു നിയമതടസവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ചൂണ്ടിക്കാട്ടി നടി രഞ്ജിനി അപ്പീല്‍ നല്‍കിയിരുന്നു. അപ്പീലില്‍ ഇടക്കാല ഉത്തരവൊന്നും വന്നിട്ടില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ തടസമില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചെങ്കിലും നിയമസെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിട്ടേ റിപ്പോര്‍ട്ട് പുറത്തിവിടുന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അതിനാല്‍ ഇന്ന് റിപ്പോര്‍ട്ട് പുറത്തുവരില്ല. നിയമതടസങ്ങള്‍ ഇല്ലാതിരുന്നിട്ടും റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ കാലതാമസം നേരിടുന്നത് ഡബ്യുസിസിയില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.