താമസിക്കാൻ എന്റെ വീട് തരാം, ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം, തട്ടുകടയിലെ ഒരാഴ്ചത്തെ ലാഭം, വീട് വെക്കാൻ ഭൂമി, അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കൽ; ഇത് കേരളമാണ്, മനുഷ്യർക്ക് കൈതാങ്ങായി ഒരുകൂട്ടം മനുഷ്യർ ഒറ്റക്കെട്ടായി ദുരന്തത്തെ പോലും വെല്ലുവിളിച്ച് നിൽക്കുമ്പോൾ ഈ നാട് തോൽക്കില്ല
തിരുവനന്തപുരം: വയനാട് ഉരുള്‍ പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട് ഉള്ള് പൊട്ടിയ മനുഷ്യര്‍ക്ക് കൈത്താങ്ങായി സഹായ ഹസ്തവുമായി ഒരു കൂട്ടം മനുഷ്യർ. കേരളത്തെ തീരാനോവിലാക്കിയ വയനാട് ദുരന്തത്തിലെ ഇരകള്‍ക്ക് കൈത്താങ്ങായി സിനിമാ താരങ്ങളും വ്യവസായികളുമെല്ലാം സഹായ ഹസ്തം നീട്ടിയപ്പോള്‍ സാധാരണക്കാരായ നിരവധിപേരും തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു പങ്ക് വയനാടിനായി നല്‍കാമെന്ന് പറയുന്നു.
രണ്ട് കുടുംബങ്ങള്‍ക്കായി 10 സെന്റ് സ്ഥലം വീട് വെക്കാനായി നല്‍കുമെന്ന് ഭിന്നശേഷിക്കാരാനായ കാസർകോട് സ്വദേശിയായ കുഞ്ഞുമോൻ പറഞ്ഞു. കുഞ്ഞുമോന്റെ ഭാര്യയും കുഞ്ഞും ഭിന്നശേഷിക്കാരാണ്.കുഞ്ഞുമോനെ പോലെ നിരവധി സാധാരണ മനുഷ്യരാണ് വയനാടിനായ് കരുണയുടെ ഹസ്തം നീട്ടിയത്. തന്റെ വീടിനടുത്തുള്ള സ്ഥലത്ത് വയനാട്ടില്‍ നിന്നുള്ള രണ്ട് പേർക്ക് വീട് വയ്ക്കാമെന്ന് കുഞ്ഞുമോൻ പറഞ്ഞു.
തന്റെ ഏകെ വരുമാന മാർഗ്ഗമായ തട്ടുകടയിലെ ഒരാഴ്ചത്തെ ലാഭം വയനാടിനായി നല്‍കാമെന്നാണ് ശാസ്താംകോട്ട സ്വദേശി അനു ശാന്തന്റെ വാക്ക്. ഭൂമിയും വീടും നഷ്ടപ്പെട്ട 4 കുടുംബങ്ങള്‍ക്കായി 20 സെന്റ് സ്ഥലം നല്‍കാമെന്ന് വയനാട്ടുകാരി അജിഷ ഹരിദാസ് പറഞ്ഞു. കെഎസ്എഫ്ഇ ജീവനക്കാരിയാണ് അജിഷ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോറിക്ഷ ഡ്രൈവറായ പാലക്കാട് സ്വദേശിനി രാജി ആഴ്ചയില്‍ രണ്ട് ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നാണ് ഉറപ്പ് നല്‍കിയത്. വയനാട് പഴയ രീതിയിലെത്തും വരെ ആഴ്ചയില്‍ രണ്ട് ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് രാജി പറഞ്ഞു.
വയനാട്ടില്‍ ഒറ്റപ്പെട്ടുപോയ അഞ്ചോ ആറോ പേരെ തന്റെ വീട്ടില്‍ പുനരധിവസിപ്പിക്കാനാകുമെന്ന് എറണാകുളം സ്വദേശിയായ ഭാവദാസ് പറയുന്നു. സർക്കാരുമായി ചേർന്ന് 5 കോടിയുടെ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്ന് ലയണ്‍സ് ക്ലബ് അറിയിച്ചപ്പോള്‍ ഉറ്റവരെ നഷ്ടപ്പെട്ട അനാഥരായ രണ്ട് കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാമെന്ന് ആലപ്പുഴ സ്വദേശിനി നിജിന അറിയിച്ചു. ഈ നാട് തോല്‍ക്കില്ലെന്ന് ഉറപ്പിക്കുകയാണ് വയനാടിനെ പിടിച്ചുയർത്താനെത്തുന്ന നന്മ വറ്റാത്ത മനുഷ്യർ.