‘2021 ഒക്ടോബർ 16’, കൂട്ടിക്കൽ പ്രളയദുരന്തം ; 22 ജീവനുകള്‍ അപഹരിച്ച മഹാപ്രളയം നല്കിയ തീരാവേദനയില്‍ നിന്നും കരകയറാതെ മലയോരം ; മഹാപ്രളയം വഴിയാധാരമാക്കിയത് കൂട്ടിക്കല്‍, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ ; ദുരന്തഭൂമിയില്‍ നിന്ന് ഒഴിപ്പിച്ചവർ ഇപ്പോഴും ദുരിതത്തില്‍ ; തകർന്നത് 44 പാലങ്ങള്‍ ; വയനാട് ദുരന്തം നൊമ്പരമാകുമ്പോൾ ആകുലതയൊഴിയാതെ മലയോരം
സ്വന്തം ലേഖകൻ
മുണ്ടക്കയം : 2021 ഒക്ടോബർ 16. ആ ദിനം എങ്ങനെ മറക്കും. കുതിച്ചെത്തിയ മലവെള്ളം ഒരു നാടിനെ ദുരന്തത്തിലേക്ക് തള്ളിവിട്ട നിമിഷം.ആ നിമിഷങ്ങള്‍ ഓർത്തെടുക്കുമ്ബോള്‍ പലരും ഇപ്പോഴും കണ്ണീരണിയുകയാണ്. 22 ജീവനുകള്‍ അപഹരിച്ച മഹാപ്രളയം നല്കിയ തീരാവേദനയില്‍ നിന്ന് മലയോരം ഇപ്പോഴും മുക്തമായിട്ടില്ല. വയനാട് ദുരന്തം ടെലിവിഷനുകളില്‍ നിറയുമ്പോള്‍ പലരും ഭീതിയിലാണ്. കൂട്ടിക്കല്‍, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് മഹാപ്രളയം വഴിയാധാരമാക്കിയത്.
മലയോരമേഖലയെ തകർത്തെറിഞ്ഞ ഉരുള്‍പൊട്ടലില്‍ ആയിരക്കണക്കിനു വീടുകള്‍ ഒലിച്ചുപോയി. ഏക്കറുകണക്കിനു കൃഷിയിടങ്ങള്‍ പൂർണ്ണമായി നഷ്ടപ്പെട്ടു. പ്രളയം ഒഴുകിയൊഴിഞ്ഞ് രണ്ടരവർഷം പിന്നിട്ടിട്ടും തീർന്നിട്ടില്ല പ്രദേശവാസികളുടെ ദുരിതം. വാസയോഗ്യമല്ലാതായ ഒട്ടേറെ വീടുകള്‍ ഇപ്പോഴും ദുരന്തമേഖലകളിലുണ്ട്. സർവതും നഷ്ടപ്പെട്ട് നാടുവിട്ട പലരും ഇപ്പോഴും തിരികെയെത്തിയിട്ടില്ല. സർക്കാർ സംവിധാനത്തില്‍ ഒട്ടേറെപ്പേർക്ക് നഷ്ടപരിഹാരം ലഭിച്ചു. എന്നാല്‍ സർവതും നശിച്ച് കടക്കെണിയിലായി ഏറെപ്പേർ ഇപ്പോഴുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രളയത്തില്‍ മേഖലയില്‍ തകർന്നത് 44 പാലങ്ങളാണ്. ഇതില്‍ നാലെണ്ണം പോലും പുനർനിർമ്മിക്കാൻ ഇതുവരെ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. കോട്ടയം – ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് പാലം, കൊക്കയാർ പഞ്ചായത്ത് ഓഫീസിനു സമീപത്തെ കൊക്കയാർ പാലം എന്നിവയും തകർന്നവയില്പ്പെടുന്നു. യാത്രാദുരിതമേറിയതോടെ പ്രദേശവാസികള്‍ ചേർന്ന് ഏന്തയാറില്‍ ജനകീയപാലം നിർമ്മിച്ചു.ഇളങ്കാട് പാലം മാത്രമാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ഏഴുപേരുടെ മരണത്തിനിടയാക്കിയ കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിലെ ദുരന്ത ഭൂമി കാടുപിടിച്ചു കിടക്കുകയാണ്. ഈ പ്രദേശം താമസ യോഗ്യമല്ലന്ന കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് നിരവധിപ്പേരെ മാറ്റിയെങ്കിലും പകരം സംവിധാനമൊരുക്കി നല്‍കിയിട്ടില്ല. പലരും വാടകവീടുകളിലും, ബന്ധുവീടുകളിലുമാണ് കഴിയുന്നത്. എങ്ങോട്ടും പോകാതെ ഇവിടെ താമസിക്കുന്നവരുമുണ്ട്. അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന കൂറ്റൻ പാറകള്‍ പൊട്ടിച്ചെങ്കിലും നീക്കം ചെയ്തിട്ടില്ല. ഏതു സമയവും ഇത് താഴേക്ക് പതിക്കുന്ന നിലയിലാണ്. മഴ കനത്താല്‍ ഇതുവഴി കാല്‍നടയാത്ര പോലും നാട്ടുകാർ ഭയമാണ്.