
സ്വന്തം ലേഖകൻ
ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. എന്നാൽ ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ടെന്നു കണ്ടാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. പ്രദേശത്ത് ശക്തമായ മഴയാണ് ഇപ്പോൾ. നാളെ രാവിലെ 6.30 മുതൽ റഡാർ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിൽ തുടരും.
മംഗളൂരുവിൽ നിന്ന് എത്തിച്ച അത്യാധുനിക റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇതുവരെ മണ്ണിനടിയിൽ നിന്നും ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് ആദ്യം പുറത്തു വന്നത്. വൈകീട്ടോടെ സിഗ്നലുകൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സൂറത്കൽ എൻഐടി സംഘമാണ് പരിശോധന നത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ണിടിഞ്ഞു വീണ റോഡിൻറെ നടു ഭാഗത്തു നിന്നാണ് വൈകീട്ടോടെ ഒരു സിഗ്നൽ ലഭിച്ചത്. പാറയും മണ്ണും അല്ലാത്ത വസ്തുവിൻറെ സിഗ്നലാണ് കിട്ടിയത്. സിഗ്നൽ ലോറിയുടേതാണോയെന്നു ഉറപ്പിച്ചിട്ടില്ല. 70 ശതമാനം യന്ത്ര ഭാഗങ്ങൾ തന്നെ ആയിരിക്കാമെന്ന വിലയിരുത്തലാണ് റഡാർ സംഘത്തിനു.
സിഗ്നൽ കണ്ട ഭാഗം മാർക്ക് ചെയ്ത് കൂടുതൽ മണ്ണ് എടുത്തു പരിശോധന നടത്തുന്നതിനിടെയാണ് മഴ ശക്തമായത്. ഇതോടെ മണ്ണിടിയുമെന്ന സംശയത്തിലാണ് രക്ഷാപ്രവർത്തനം നിർത്തി വച്ചത്.
അതേസമയം, തിരച്ചിലിന് സൈന്യത്തെ ഇറക്കണമെന്ന് അർജുന്റെ കുടുംബം ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമമോദിക്ക് കുടുംബം കത്തയച്ചു. കർണാടകയുടെ രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ലെന്നും കേരളത്തിൽ നിന്ന് ആളുകളെ അയക്കണണെന്നും തിരച്ചിൽ നിർത്തിവയ്ക്കരുതെന്നും കുടുംബം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി സംഭവസ്ഥലത്തെത്തി. നിലവിൽ സൈന്യം തിരിച്ചലിന് വരേണ്ട സാഹചര്യമില്ലെന്ന് കുമാരസ്വാമി പറഞ്ഞു. എൻഡിആർഎഫ് അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ സഹായം നൽകുമെന്നും കുമാരസ്വാമി പറഞ്ഞു.