play-sharp-fill
എസ്പിമാരുടെ വയര്‍ലെസ് കോണ്‍ഫ്രൻസ് “സാട്ട” പല ജില്ലകളിലും തെറിയഭിഷേകമായി മാറുന്നു; മേലുദ്യോഗസ്ഥരുടെ പരസ്യ തെറി വിളിയിൽ പ്രതിഷേധവുമായി പൊലീസ് ഉദ്യോഗസ്ഥർ

എസ്പിമാരുടെ വയര്‍ലെസ് കോണ്‍ഫ്രൻസ് “സാട്ട” പല ജില്ലകളിലും തെറിയഭിഷേകമായി മാറുന്നു; മേലുദ്യോഗസ്ഥരുടെ പരസ്യ തെറി വിളിയിൽ പ്രതിഷേധവുമായി പൊലീസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: ക്രമസമാധാന പരിപാലനത്തിന് ചുക്കാൻ പിടിക്കുന്ന ജില്ലാ പോലീസ് മേധാവിമാർക്ക് താഴെത്തട്ടിലുള്ള പോലീസുകാരോടും സ്റ്റേഷനുകളിലേക്കും ദൈനംദിനം സംവദിക്കാനുള്ള നടപടിയാണ് വയർലെസ് മുഖേനയുള്ള സാട്ട കോണ്‍ഫ്രൻസ്.

സാട്ട ഔദ്യോഗിക പരിപാടിയാണെങ്കിലും ചില നേരങ്ങളില്‍ അത് മാറി തെറിവിളിയാകാറുണ്ട്. കമ്മിഷണമാർ, അല്ലങ്കിൽ ജില്ലാ പൊലീസ് മേധാവിമാർ രാവിലെ വയർലൻസിലൂടെ ജില്ലയിലെ സ്റ്റേഷനുകളിലേക്കും, എസ് എച്ച് ഒമാരേയും ഡിവൈഎസ്പിമാരേയും അഭിസംബോധന ചെയ്യുന്നു എന്നാണ് വയ്പ്.

തൊട്ടുതലേന്നത്തെ കേസുകളുടെ എണ്ണം, ഗുരുതരസ്വഭാവമുള്ള കേസുകളുടെ വിവരങ്ങള്‍, വാറൻ്റ് പ്രതികളുടെ വിവരം, സുമോട്ടോ കേസുകളുടെ വിവരങ്ങൾ, തുടങ്ങി തലേ ദിവസത്തേ മുഴുവൻ വിവരങ്ങളും റിപ്പോർട്ട് ചെയ്യുകയാണ് സാട്ടയിലെ പ്രധാന പരിപാടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസുകളുടെ വിവരങ്ങൾ വയർലൻസിലൂടെ റിപ്പോർട്ട് ചെയ്യുമ്പോൾ ഡിവൈഎസ്പിമാർ വരെയുള്ളവരെ പുളിച്ച തെറി വിളിക്കുകയാണ് പല ജില്ലാ പോലീസ് മേധാവിമാരും ചെയ്യുന്നത്. ഇത് ജില്ലയിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരും കേൾക്കാൻ ഇടവരുന്നു. സഹപ്രവർത്തകർക്കും കീഴുദ്യോഗസ്ഥർക്കുമിടയിൽ ഈ തെറിവിളി വലിയ അവമതിപ്പാണ് ഉണ്ടാക്കുന്നത്.

എന്നാൽ കേസുകളുടെ വിവരങ്ങൾ ചോദിച്ചറിയുകയും തെറ്റുപറ്റിയാൽ തിരുത്തി കൊടുക്കുകയും ചെയ്യുന്നതും അങ്ങേയറ്റം മാന്യമായി ഇടപെടുകയും ചെയ്യുന്ന ജില്ലാ പോലീസ് മേധാവിമാരും ഉണ്ട്.

അതാത് ദിവസം നടക്കാനിരിക്കുന്ന പ്രധാന കാര്യങ്ങള്‍ ഓരോ സ്റ്റേഷനുകളിലെയും എസ്എച്ച്ഒ മാരും, ഡി വൈ എസ് പി മാരും മേലുദ്യോഗസ്ഥനെ ധരിപ്പിക്കുകയാണ് വേണ്ടത്. തലേന്ന് എടുത്ത കേസുകള്‍ കുറഞ്ഞുപോവുക, നിർദേശിച്ചത് പ്രകാരം പ്രതികളെ പിടിക്കാൻ കഴിയാതെ പോവുക, പെറ്റി കേസുകളുടെ എണ്ണം കുറഞ്ഞു പോവുക എന്നുവേണ്ട ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചാൽ തെറിവിളിയുടെ പൂരമാകും അടുത്ത ദിവസത്തേ സാട്ടയിൽ കേൾക്കുക.

ആശയവിനിമയത്തിനുള്ള സംവിധാനങ്ങള്‍ ഇത്രയേറെ പുരോഗമിച്ച കാലത്ത് സാട്ട പോലെയുള്ള പഴഞ്ചൻ ഏർപ്പാടുകൾ പിന്തുടരേണ്ടതില്ലെന്ന അഭിപ്രായവും പോലീസിലുണ്ട്.