
തിരുവനന്തപുരം: ലക്ഷക്കണക്കിന് ആളുകള്‍ക്ക് ചികിത്സാസഹായവും സൗജന്യ ചികിത്സാ പദ്ധതികളും ആവിഷ്‌കരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം ചികിത്സ നടത്താന്‍ പണമില്ലായിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍.
അദ്ദേഹത്തിന്റെ ചികിത്സാച്ചെലവ് ഏറ്റെടുക്കാന്‍ എ ഐ സി സി തയ്യാറായെങ്കിലും അമേരിക്കയിലെ ഭീമമായ സാമ്പത്തിക ചെലവ് ഭയന്ന് ചികിത്സ വേണ്ടെന്നുവച്ച് അദ്ദേഹം മടങ്ങിപ്പോരുകയായിരുന്നു. കെ പി സി സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണം – ഹൃദയാജ്ഞലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തരൂർ.
നാലു തവണ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലെ ഏറ്റവും വലിയ പാഠം എന്തായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടിയോട് ചോദിച്ചപ്പോള്‍, കേരളത്തിനു വേണ്ടത് ആരോഗ്യസംരക്ഷണ നടപടികളാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാണ് അദ്ദേഹം ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് കാരുണ്യപദ്ധതിയും കോക്ലിയര്‍ ഇംപ്ലാന്റേഷനും ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോഗ്യം അവകാശമാക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഇനിയും സഫലമായിട്ടില്ല. 19000 ദിവസം ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ ഒറ്റയ്ക്ക് ഒരിക്കലും കാണാന്‍ സാധിച്ചിട്ടില്ല. റെയില്‍വെ സ്റ്റേഷനിലെ ആള്‍ക്കുട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ ജനത്തിരക്കെന്നും ശശി തരൂര്‍ പറഞ്ഞു.
എ ഐ സി സി സെക്രട്ടറി പി വി മോഹന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍, അഡ്വ സുബോധന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. എന്‍ രാധാകൃഷ്ണന്‍, ഡോ. ടി പി ശങ്കരന്‍കുട്ടി നായര്‍, ഡോ മേരി ജോര്‍ജ്, പാളയം ഇമാം ഷുഹൈബ് മൗലവി, സണ്ണിക്കുട്ടി ഏബ്രഹാം, രമാദേവി പോത്തന്‍കോട്, പൂര്‍ണചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി പഴകുളം മധു, ശരത് ചന്ദ്ര പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.