
കൊല്ലം: ചടയമംഗലത്തെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണശ്രമം. ഇരുചക്ര വാഹനത്തിലെത്തിയ യുവാവും യുവതിയും ചേർന്നാണ് സ്വർണം മോഷ്ടിക്കാൻ ശ്രമിച്ചത്. കടയില്‍ ഉണ്ടായിരുന്നവരുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച ശേഷം ഇരുവരും രക്ഷപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ചടയമംഗലം – പോരേടം റോഡിലുള്ള ശ്രീലക്ഷ്മി ജ്വല്ലറിയില്‍ മാസ്ക് ധരിച്ച് യുവതിയും യുവാവും എത്തിയത്.
ഭാര്യയും ഭർത്താവുമാണെന്ന് പരിചയപെടുത്തി സ്വർണം വാങ്ങാനാണെന്ന വ്യാജേന സംഭാഷണം തുടങ്ങി. കടയിലുണ്ടായിരുന്ന ഓരോ മാലയും ഇവർ പരിശോധിച്ചു. ഇതിനിടെ മാല മോഷ്ടിച്ച് രക്ഷപ്പെടാനായിരുന്നു പദ്ധതി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, യുവതി മാല മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് യുവാവ് കയ്യില്‍ കരുതിയ സ്പ്രേ ജ്വല്ലറിയിലെ ജീവനക്കാർക്കും ഉടമയ്ക്കും നേരെ പ്രയോഗിച്ചു. ജീവനക്കാരും ഉടമയും ബഹളംവെച്ചതോടെ ഇരുവരും വേഗം പുറത്തിറങ്ങി ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെട്ടു.
യുവതി കഴിഞ്ഞ ദിവസം ഇതേ ജ്വല്ലറിയില്‍ വന്നിരുന്നു. ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് പ്രതികള്‍ ജ്വല്ലറിയില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ചടയമംഗലം പോലീസ് അന്വേഷണം തുടങ്ങി.