മൊബൈല്‍ ഫോണ്‍ ആപ്പ് വഴി പരിചയപ്പെടുന്ന പുരുഷന്മാരുമായി സൗഹൃദത്തിലാകുകയും വിവാഹം കഴിച്ചതിനുശേഷം ആഭരണങ്ങളും പണവുമായി ഒളിച്ചോടും ; പന്ത്രണ്ടിലധികം പുരുഷന്മാരെ വിവാഹം കഴിച്ച തട്ടിപ്പുകാരി പൊലീസിന്റെ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുപ്പൂർ: മൊബൈല്‍ ആപ്പ് വഴി പന്ത്രണ്ടിലധികം പുരുഷന്മാരുമായി സൗഹൃദത്തിലാകുകയും അവര്‍ക്ക് വിവാഹ വാഗ്‌ദാനം നല്‍കി പണം തട്ടുകയും ചെയ്‌ത കേസില്‍ യുവതി അറസ്‌റ്റില്‍.

ഈറോഡ് ജില്ലയിലെ കൊടുമുടി സ്വദേശിയായ സത്യ (30) യെ ആണ് അറസ്‌റ്റ് ചെയ്‌തത്. ധാരാപുരം സ്വദേശി മഹേഷ് അരവിന്ദ് ധാരാപുരം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്‌റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് മാസം മുമ്ബാണ് മൊബൈല്‍ ഫോണ്‍ ആപ്പ് വഴി മഹേഷ് അരവിന്ദിനെ സത്യ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ വാട്ട്‌സ് ആപ്പിലൂടെ ചാറ്റ് ചെയ്യാൻ തുടങ്ങി. താൻ ഒരു മധ്യവയസ്‌കനായ വരനെ തേടുകയാണെന്ന് പറഞ്ഞ് സത്യ, തമിഴ് സെല്‍വി എന്ന മറ്റൊരു യുവതിയെ മഹേഷിന് പരിചയപ്പെടുത്തി.

സത്യയുടെ അമ്മയ്‌ക്ക് സുഖമില്ലെന്നും അതിനാല്‍ വേഗം തന്നെ വിവാഹം നടത്തണമെന്നുളള നിർബന്ധ പ്രകാരം തമിഴ് ശെല്‍വിയുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ജൂണ്‍ മാസം ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹം കഴിച്ചു.

പിന്നീട് മഹേഷിൻ്റെ മാതാപിതാക്കള്‍ ഈ വിവാഹം അംഗീകരിക്കുകയും സത്യയ്‌ക്ക് 12 പവൻ സ്വർണ്ണം നല്‍കുകയും ചെയ്‌തു. കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം മഹേഷ്, സത്യയുടെ ആധാർ കാർഡ് കണ്ടതോടെ സംശയങ്ങള്‍ ഉണ്ടാകുകയായിരുന്നു.

അതില്‍ ഭർത്താവിൻ്റെ സ്ഥാനത്ത് മറ്റൊരാളുടെ പേര് നല്‍കിയിരിക്കുകയും യുവതിയുടെ പ്രായം കൂടുതലാണെന്നും കണ്ടെത്തി. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയും സത്യയെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.

ഇതേതുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പത്ത് വർഷം മുമ്ബ് യുവതി ചെന്നൈ സ്വദേശിയായ ഒരാളെ വിവാഹം കഴിച്ചതായും ഇവർക്ക് ഒരു കുട്ടിയുണ്ടെന്നും വ്യക്തമായി.

പുരുഷന്മാരുമായി സൗഹൃദത്തിലാകുകയും അവരെ വിവാഹം കഴിച്ചതിനുശേഷം മനഃപൂർവം വഴക്കുണ്ടാക്കുകയും ആഭരണങ്ങളും പണവുമായി ഒളിച്ചോടുകയും ചെയ്യുന്നത് സ്ഥിരമാണെന്ന് പൊലീസ് പറഞ്ഞു.

ഇത്തരത്തില്‍ പലരില്‍ നിന്നായി ലക്ഷങ്ങളുടെ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.