
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപുർ ജില്ലയിൽ ട്രക്കും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേരുൾപ്പെടെ 6 പേർ മരിച്ചു . വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം.
അപർണ ബാഗ് എന്ന രോഗിയെ ഖിർപൈയിലെ ആശുപത്രിയിൽ നിന്ന് മേദിനിപൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറയുന്നു. രോഗിയും കുടുംബാംഗങ്ങളും ഡ്രൈവറും ഉൾപ്പെടെ 8 പേരാണ് ആംബുലൻസിലുണ്ടായിരുന്നത്.
ആംബുലൻസ് സിമെന്റ് ചാക്ക് നിറച്ച ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആറ് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും രോഗി ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പോലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപർണയുടെ അമ്മ അനിമ മല്ലിക്, ഭർത്താവ് ശ്യാമപാദ ബാഗ്, അമ്മാവൻ ശ്യാമൾ ഭുനിയ, അമ്മായി ചന്ദന ഭുനിയ എന്നിവരാണ് മരിച്ചത്. മരിച്ച മറ്റു രണ്ട് പേരെ തിരിച്ചറിയാനായിട്ടില്ല. അപർണ്ണയും ശ്യാമപാദ ബാഗും കുറച്ചു മാസങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്.
അപർണ്ണയുടെയും ഡ്രൈവറുടെയും നില ഗുരുതരമായി തുടരുകയാണ്. വാഹനമോടിക്കുമ്പോൾ ഡ്രൈവർ മദ്യലഹരിയിലായിരുന്നോ എന്നും വാഹനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നോയെന്നും അന്വേഷിച്ചു വരികയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.