കടം വാങ്ങിയ പണം കുടിശികയായി: ബ്ലേഡ് മാഫിയ സംഘം വീട് കയറി യുവതിയെയും ഒരു വയസുള്ള കുഞ്ഞിനെയും ആക്രമിച്ചു; ആക്രമണം നടന്നത് മൂലവട്ടം കുന്നമ്പള്ളിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: കടം വാങ്ങിയ തുക കുടിശികയായത് തിരികെ നൽകിയില്ലെന്നാരോപിച്ച് ബ്ലേഡ് മാഫിയ സംഘം യുവതിയെയും കുട്ടിയെയും വീട് കയറി ആക്രമിച്ചു. മൂലവട്ടം കുന്നമ്പള്ളി പുത്തൻപുരയിൽ ആര്യ ജോബി , ഒരു വയസുകാരിയായ മകൾ കീർത്തി എന്നിവരെയാണ് പാമ്പാടിയിൽ നിന്നുള്ള ഗുണ്ടാ സംഘം വീട് കയറി ആക്രമിച്ചത്.
ബുധാഴ്ച ഉച്ചയോടെ ഇവരുടെ കുന്നമ്പള്ളിയിലുള്ള വീട്ടിലായിരുന്നു സംഭവം. ഇവരുടെ ഭർത്താവ് ജോബി ഓട്ടോ ഡ്രൈവറാണ്. ജോബിയും ആര്യയും ചേർന്ന് പാമ്പാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആശിർവാദ് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും പണം കടം വാങ്ങിയിരുന്നു. 35000 രൂപയാണ് ഇവർ ഇവിടെ നിന്നും ഒരു വർഷം മുൻപ് വാങ്ങിയത്. മാസം 2330 രൂപ തവണ വ്യവസ്ഥിയിൽ കഴിഞ്ഞ ഒരു വർഷമായി തുക തിരികെ അടച്ച് വരികയായിരുന്നു. ജനുവരിയിലെയും ഫെബ്രുവരിയിലെയും തവണ അടവ് മുടങ്ങിയിരുന്നു. ഇത് ചോദിക്കുന്നതിനായി ബുധനാഴ്ച പന്ത്രണ്ട് മണിയോടെ രണ്ടംഗ സംഘം വീട്ടിലെത്തി. തവണ തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട സംഘം മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. ആര്യ ഇതിനെ ചോദ്യം ചെയ്തതോടെ ഗുണ്ടയെന്നു തോന്നിപ്പിക്കുന്ന ഒരാൾ ആര്യയുടെ കരണത്ത് അടിച്ചു. കയ്യിൽ കുട്ടിയെ എടുത്ത് നിൽക്കെയാണ് ആര്യയെ ഇയാൾ അടിച്ചത്. അടിയേറ്റ് ആര്യ നിലത്ത് വീണു. കുട്ടിയും തെറിച്ച് മുറിയ്ക്കുള്ളിൽ വീണു. തടയാനെത്തിയ ആര്യയുടെ ഭർത്താവിന്റെ അമ്മ ലൈസാമ്മയെയും, ചേട്ടത്തി ജോമോളെയും അക്രമി ആക്രമിച്ചു. സംഭവം അറിഞ്ഞ് ജോബി ഓടിയെത്തിയപ്പോൾ ജോബിയെ ആക്രമിച്ച ശേഷം സംഘം രക്ഷപെട്ടു.
ഇതേ തുടർന്ന് ജോബിയും, ആര്യയും ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.