
രണ്ടുദിവസത്തിനിടെ കേരളത്തിൽനിന്ന് കാണാതായത് രണ്ട് എസ്ഐ മാരെ; ശബരിമല ഡ്യൂട്ടിക്ക് പോയ എഎസ്ഐയെ ട്രെയിനില് നിന്ന് കാണാതായി; കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ ഗ്രേഡ് എസ്ഐയേയും കാണാതായി; കേരള പോലീസിന് ഇതെന്തുപറ്റി
കോട്ടയം : രണ്ടുദിവസത്തിനിടെ കേരളത്തിൽ നിന്ന് കാണാതായത് രണ്ട് എസ്ഐ മാരെ. കണ്ണൂരിൽ നിന്നും ശബരിമല ഡ്യൂട്ടിക്ക് പോയ ആംഡ് പൊലിസ് വിഭാഗം എഎസ്ഐയെയും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ ഗ്രേഡ് എസ്ഐയേയുമാണ് കാണാതായത്.
കണ്ണൂരിൽ നിന്നും ശബരിമലയിൽ ഡ്യൂട്ടിക്ക് പുറപ്പെട്ട മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ എഎസ്ഐ എസ്.ഹസീം(40)നെയാണ് കഴിഞ്ഞ ദിവസം കാണാതായത്. കെ.എ.പി ജി കമ്പനിയിലെ എഎസ്ഐ ആയിരുന്ന ഹസീം 13 ന് രാത്രി ഒൻപതു മണിക്ക്ശബരിമലയിൽ ഡ്യൂട്ടിക്ക് ചേരാൻ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറിയതായിരുന്നു.
എന്നാൽ പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു ബന്ധുക്കൾ അന്വേഷിച്ചപ്പോൾ. ശബരിമലയിൽ ഡ്യൂട്ടിക്ക് എത്തിയിട്ടില്ലെന്ന് മനസിലാവുകയായിരുന്നു. ഇതേ തുടർന്ന് ജി.കമ്പനി ഓഫീസർ കമാൻഡന്റ് എ.രാജീവന്റെ പരാതിയിലാണ് തളിപ്പറമ്ബ് പൊലിസ് കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ് ഐയെ കാണാതായത്. വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ രാജേഷിനെയാണ് കാണാതായത്. നൈറ്റ് ഡ്യൂട്ടിയ്ക്ക് ശേഷം ഇന്നലെ വെസ്റ്റ് സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് പോയ എസ് ഐ വീട്ടിലെത്തിയില്ല.
വെള്ളിയാഴ്ച രാത്രിയിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം ഇന്നലെ രാവിലെ വീട്ടിലേക്ക് പോയിരുന്നതാണ് രാജേഷ്. എന്നാൽ ഇന്നലെ രാത്രിയായിട്ടും രാജേഷ് വീട്ടിലെത്തിയില്ല. ഇതോടെയാണ് ബന്ധുക്കൾ അയക്കുന്നം പോലീസിൽ പരാതി നൽകുകയായിരുന്നു.
അതേസമയം രാവിലെ വീട്ടിലേക്ക് പോകാൻ നേരം ഇന്ന് അവധിയും വാങ്ങിയാണ് രാജേഷ് വീട്ടിലേക്ക് മടങ്ങിയത്. അതുകൊണ്ടുതന്നെ ഇന്ന് രാജേഷ് ജോലിക്ക് ഹാജരാകേണ്ടതില്ല. നാളെ ജോലിക്ക് എത്തും എന്നാണ് വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
എന്നാൽ ബന്ധുക്കളുടെ പരാതിയിൻ മേൽ അയർക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജേഷിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ വിളിക്കുവാനോ ടവർ ലൊക്കേഷൻ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. ഇത് രാജേഷിനെ കണ്ടെത്താനുള്ള അന്വേഷണത്തിന് തടസ്സമാവുകയാണ്.