ബംഗാളിയെന്ന് കൂട്ടുകാർ കളിയാക്കി: വാട്‌സപ്പിൽ മെസേജ് അയച്ച ശേഷം പള്ളത്ത് പതിനെട്ടുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: ബംഗാളിയെന്ന് സുഹൃത്തുക്കൾ കളിയാക്കിയതിനുള്ള മനോവിഷമം മൂലം പള്ളത്ത് പതിനെട്ടുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. നാട്ടകം സ്വാപ്പ് ഇൻ റസ്റ്ററണ്ടിലെ സപ്ലൈയറായ പള്ളം വെട്ടിത്തറ ചെമ്പിത്തറയിൽ
സജിയുടെ മകൻ വിജീഷ് (18) ആണ് തൂങ്ങി മരിച്ചത്. തനിക്ക് ആരോടും പിണക്കമില്ലെന്നതടക്കം ഒരു പിടി സന്ദേശങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച ശേഷമാണ് വിജീഷ് വീടിന്റെ ജനലിൽ തൂങ്ങി മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് വിജീഷ് ജോലിയ്ക്ക് ശേഷം വീട്ടിലെത്തിയത്. വീട്ടിലെത്തി മുറിയിൽ കയറി കതകടച്ച് സുഹൃത്തുക്കൾക്ക് വാട്‌സ്അപ്പ് സന്ദേശം അയച്ച ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന ലഭിക്കുന്നത്. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെ വാതിൽ തുറന്ന അമ്മ മിനിയാണ് വിജീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മിനിയുടെ ബഹളം കേട്ട് ഓടിയെത്തിയ സഹോദരൻ അജയ് നാട്ടുകാരെ വിവരം അറിയിച്ചു. ഇവരാണ് ചിങ്ങവനം പൊലീസിനെ അറിയിച്ചത്.
ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് വിജീഷിന്റെ ഫോണിൽ നിന്നും വാട്‌സ്അപ്പ് സന്ദേശം കണ്ടെത്തിയത്. തുടർന്ന് ഇൻക്വസ്റ്റ് അടക്കമുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും.
സ്വതവേ അന്തർമുഖനായിരുന്ന വിജിഷിനെ സുഹൃത്തുക്കൾ ബംഗാളി എന്ന് കളിയാക്കി വിളിച്ചിരുന്നു. ഇത് വിജീഷിനെ വളരെയധികം വിഷമിപ്പിച്ചിരുന്നു. തനിക്ക് ദൈവം തന്ന മുഖമാണെന്നും എന്ത് ചെയ്യാനാണെന്നും ഇയാൾ പല തവണ പറഞ്ഞിരുന്നു. ഇത് വാട്‌സ് അപ്പ് സന്ദേശത്തിലും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.