Spread the love
സ്വന്തം ലേഖകൻ
കോട്ടയം: മൂലവട്ടത്തിന് സമീപം മാടമ്പുകാട്ട് പാടശേഖരത്തിന് തീ പിടിച്ചു. തരിശിട്ട് കിടന്ന പാടശേഖരത്തിൽ തീയും പുകയും പടർന്നു. പാടത്തിന് നടുവിലൂടെ കടന്നു പോകുന്ന റെയിൽ പാതയിൽ പുക നിറഞ്ഞതോടെ ട്രെയിൻ ഗതാഗതവും ഭീഷണിയിലായി. ട്രാക്കിലേയ്ക്ക് പുക നിറഞ്ഞതിനാൽ വേഗം കുറച്ചാണ് ഇതുവഴി ട്രെയിനുകൾ കടന്നു പോകുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മൂലവട്ടം മാടമ്പുകാട് ഭാഗത്ത് തരിശിട്ട പാടശേഖരത്തിൽ തീ പടർന്നു പിടിച്ചത്. പാടശേഖരത്തിന്റെ ഒരു മൂലയിൽ നിന്നും പടർന്ന തീ അതിവേഗം പാടം മുഴുവനും വ്യാപിച്ചു. പുല്ല് നന്നായി ഉണങ്ങിക്കിടന്നതിനാൽ, തീ പടരുന്നത് അതിവേഗമായിരുന്നു. ഇവിടെ നല്ല കാറ്റുണ്ടായിരുന്നത് തീ ആളിക്കത്താൻ ഇടയാക്കി.
കോട്ടയത്തു നിന്നും മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല.
തുടർന്ന് തീ മറ്റു പ്രദേശങ്ങളിലേയ്ക്ക് പടരാതിരിക്കാനുള്ള മാർഗങ്ങളാണ് അഗ്നിരക്ഷാ സേന ചെയ്തു.
പാടശേഖരത്തിന് സമീപത്ത് നിരവധി വീടുകളുണ്ടായിരുന്നു. ഈ വീടുകളിലേയ്ക്ക് തീ പടരാതിരിക്കാനാണ് അഗ്നിരക്ഷാ സേന ശ്രമിച്ചത്. എന്നാൽ, പുക റെയിൽവേ ട്രാക്കിലേയ്ക്ക് പടർന്നു. പ്രദേശത്തെ വീടുകൾ ഏറെയും പുകയിൽ മുങ്ങുകയും ചെയ്തു. പരിസര പ്രദേശമാകെ ഇപ്പോഴും തീയിലും പുകയിലും മുങ്ങിയിരിക്കുകയാണ്. ഇതുവരെയും തീ നിയന്ത്രിക്കാൻ സാധിച്ചിട്ടുമില്ല.