
ഡൽഹി: പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ ഐശ്വര്യ എസ് മേനോനും ക്ഷണം. ദക്ഷിണ റെയിൽവേയിലെ ചെന്നൈ ഡിവിഷനിലെ സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റാണ് ഐശ്വര്യ.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന 8,000 വിശിഷ്ടാതിഥികളിൽ ഒരാളാകാൻ ഭാഗ്യം കിട്ടിയിരിക്കുകയാണ് ഐശ്വര്യയ്ക്ക്. നിലവിൽ വന്ദേ ഭാരത് ട്രെയിനുകളിൽ പ്രവർത്തിക്കുന്ന ഐശ്വര്യ, വന്ദേ ഭാരത് എക്സ്പ്രസ്, ജനശതാബ്ദി തുടങ്ങിയ വിവിധ ട്രെയിനുകളിൽ ലോക്കോ പൈലറ്റായി പ്രവർത്തിച്ചിരുന്നു.
ചെന്നൈ-വിജയവാഡ, ചെന്നൈ-കോയമ്പത്തൂർ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകൾ ആരംഭിച്ചതു മുതൽ ഐശ്വര്യ ലോക്കോ പൈലറ്റായി ജോലി ചെയ്യുകയാണ്. റെയിൽവേ സിഗ്നലിങ്ങിനെക്കുറിച്ചുള്ള ചടുലമായ കൃത്യത, ജാഗ്രത, സമഗ്രമായ അറിവ് എന്നിവയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിച്ച ലോക്കോ പൈലറ്റാണ് ഐശ്വര്യ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവും പങ്കെടുക്കും. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്-സോലാപൂരിൽ നിന്ന് വന്ദേ ഭാരത് ട്രെയിലാണ് അവർ ജോലി ചെയ്യുന്നത്. 1988ൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ ട്രെയിൻ ഡ്രൈവറായി മാറിയ അവർ സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ആദ്യ വനിതാ ലോക്കോ പൈലറ്റ് കൂടിയാണ്.
മൊത്തം 10 ലോക്കോ പൈലറ്റുമാരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. കൂടാതെ, ശുചീകരണ തൊഴിലാളികൾ, ട്രാൻസ്ജെൻഡർമാർ, സെൻട്രൽ വിസ്ത പ്രോജക്ടിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ എന്നിവരും പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിലെ വിശിഷ്ടാതിഥികളിൽ ഉൾപ്പെടും.
സത്യപ്രതിജ്ഞാ ചടങ്ങിനായി രാഷ്ട്രപതി ഭവനിൽ 8,000ലധികം അതിഥികൾക്കുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.