
തൃശൂർ: സുരേഷ് ഗോപിയുടെ ചരിത്ര വിജയത്തിന്റെ ചർച്ച ഒഴിയും മുമ്പേ താരവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിജയാഘോഷങ്ങളിൽ സുരേഷ് ഗോപി ധരിച്ച ഷർട്ടാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.
ഇതിന് മുമ്പ് മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് ധരിച്ച ഷർട്ടും സോഷ്യമീഡിയയിൽ വൈറലായിരുന്നു. ഈ വൈറൽ ഷർട്ടുകൾക്ക് പിന്നിൽ ആരാണെന്ന തിരച്ചിലിലായിരുന്നു സോഷ്യൽമീഡിയ. അതിനുള്ള ഉത്തരമാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്.
തൃശൂർ പൂച്ചെട്ടി സ്വദേശിനി സ്മേരയാണ് ഈ ഷർട്ടുകളുടെയെല്ലാം ഡിസൈനർ. മനോഹര ചിത്രങ്ങളും ചായങ്ങളും ചേർത്താണ് രണ്ട് ഷർട്ടുകളും നിർമ്മിച്ചിരിക്കുന്നത്. ഷർട്ടിലെ ചിത്രങ്ങള്‍ പൂർണമായും കൈകൊണ്ട് വരച്ച് നിറം നല്‍കിയതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുഹൃത്തുവഴിയാണ് സ്മേര ഷർട്ടുകള്‍ സുരേഷ് ഗോപിക്ക് സമ്മാനിക്കുന്നത്. താൻ സമ്മാനിച്ച ഷർട്ടുകള്‍ ഇട്ടുകണ്ടപ്പോള്‍ വളരെ സന്തോഷമാണ് തോന്നിയതെന്നും ഇതിനുമുമ്പ് വിഷുവിനും സുരേഷ്‌ഗോപി ഈ ഷർട്ടുകളിലൊന്ന് ഇട്ടിരുന്നുവെന്നും സ്മേര പറഞ്ഞു.
ആറുവർഷമായി സ്മേര ഈ മേഖലയിലുണ്ട്. ഡിസൈനർ ഷർട്ടുകള്‍ക്ക് പുറമെ ജ്യൂവലറികള്‍, ടെറാക്കോട്ട, വുഡ് പെയിന്റിംഗ് എന്നിവയിലും ഇവർ സാധ്യതകള്‍ കണ്ടെത്തിയിട്ടുണ്ട്.