പി.എസ്.സി ചെയർമാന്റെ ശമ്പളം നാലു ലക്ഷം രൂപയായി ഉയർത്തണം, അം​ഗങ്ങൾക്ക് 3.75 ലക്ഷം രൂപയാക്കണം, മടക്കിയ ഫയൽ വീണ്ടും പരി​ഗണിക്കുന്നു

Spread the love

തിരുവനന്തപുരം: പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വർധിപ്പിക്കാനൊരുങ്ങി ധനവകുപ്പ്. നിലവിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് ശമ്പളം വർധിപ്പിക്കാനുള്ള തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഫയൽ പരി​ഗണനയ്ക്ക് വച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മടക്കിയിരുന്നു.

എന്നാൽ, നിലവിൽ ധനവകുപ്പ് ശമ്പളവർധനവിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. പി എസ് സി ചെയർമാന്റെ നിലവിലെ ശമ്പളം 2.24 ലക്ഷം രൂപയാണ്. ഇത് നാലു ലക്ഷം രൂപയായി ഉയർത്തണമെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം. അംഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന 2.19 ലക്ഷം രൂപ 3.75 ലക്ഷമായും ഉയർത്തും. ഇവരുടെ പെൻഷൻ വർധനവും ധനവകുപ്പിന്റെ സജീവ പരിഗണനയിലാണ്.

ചെയർമാന്റെ പെൻഷൻ 1.25 ലക്ഷം രൂപയില്‍ നിന്ന് 2.5 ലക്ഷമായും അംഗങ്ങളുടേത് 1.20 ലക്ഷത്തില്‍ നിന്ന് 2.25 ലക്ഷമായും ഉയർത്താനും ശുപാർശയുണ്ട്. 2016 മുതല്‍ മുൻകാലപ്രാബല്യം നല്‍കണമെന്നും നിർദേശമുണ്ട്. 21 അംഗങ്ങളാണ് പി.എസ്.സിയിലുള്ളത്. മൂന്ന് ഒഴിവുകള്‍ നികത്താത്തതിനാല്‍ 17 പേരാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെ അംഗസംഖ്യയുടെ 50 ശതമാനം സർക്കാർ സർവീസില്‍ നിന്നാണ്. അവർക്ക് 10 വർഷം സർവീസ് ഉണ്ടായിരിക്കണമെന്നാണ് ചട്ടം. ബാക്കി രാഷ്ട്രീയ നിയമനമാണ്. നിലവില്‍ ചെയർമാൻ ഉള്‍പ്പെടെ 17 അംഗങ്ങളാണഇള്ളത്. ഇതില്‍ 11 പേർ സർക്കാർ സർവീസില്‍ നിന്നുള്ളവരാണ്. മൂന്നെണ്ണം ഒഴിഞ്ഞു കിടക്കുന്നു.

ദേശീയ തലത്തില്‍ ജോലിക്കുള്ള മത്സര പരീക്ഷകള്‍ യഥാസമയം നടത്തി നിശ്ചിത സമയത്ത് ഫലപ്രഖ്യാപനം നടത്തുന്ന യൂണിയൻ പബ്ളിക് സർവീസ് കമ്മിഷനില്‍ (യു.പി.എസ്.സി ) ഒമ്പത് അംഗങ്ങളേയുള്ളൂ. പി.എസ്.സി. ചെയർമാനും അംഗങ്ങള്‍ക്കും ഏകീകരിച്ച ശമ്പളം നല്‍കി ഡി.എ ഒഴിവാക്കണമെന്ന് ധനവകുപ്പ് അഭിപ്രായപ്പെട്ടിരുന്നു.

കേന്ദ്രനിരക്കില്‍ ജില്ലാ ജഡ്ജിമാർക്ക് ശമ്പളത്തോടൊപ്പം ഡി.എയും നല്‍കുന്നതുപോലെ പി.എസ്.സി ചെയർമാനും അംഗങ്ങള്‍ക്കും നല്‍കാവുന്നതാണെന്ന 2007ലെ സർക്കാർ ഉത്തരവ് ബാധകമാക്കാമെന്ന മറുവാദവും ഫയലില്‍ചൂണ്ടിക്കാട്ടിയിട്ടുണ്ട്.