
കണ്ണൂർ: തളിപ്പറമ്പില്‍ വാഹനാപകടത്തിൽ ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ക്രിസ്‌തുക്കുന്നിലെ ജോയല്‍ ജോസ് (23), പാടിയിലെ ജോമോന്‍ ഡൊമിനിക്ക് (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു.
ദേശീയപാതയുടെ അരികിൽ മദനി എന്നയാൾ തൻറെ വീടിനു മുൻപിൽ നിർത്തിയിട്ട കാറിനു പിന്നിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ഇടിച്ചതിന്റെ ആഘാതത്തിൽ പത്ത് അടിയോളം മുന്നോട്ടു നീങ്ങിയ കാർ ഓവുചാലിലേക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ചെന്ന് കരുതുന്നയാൾ ബൈക്കിന് സമീപത്തും പിറകിൽ ഉണ്ടായിരുന്നയാൾ 25 അടിയോളം ദൂരേക്ക് തെറിച്ചു. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി കരുതുന്നു. തളിപ്പറമ്പ് ടൗണിൽ നിന്ന് 150 മീറ്ററോളം അകലെയാണ് അപകടം നടന്നത്. ബൈക്കിൽ ഉണ്ടായിരുന്നവർ ഒന്നരയോടെ ടൗണിൽ നിന്നും ചായ കുടിച്ച ശേഷം പോയതാണെന്ന് പറയുന്നു. മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവണ്മെന്‍റ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.






