‘നവകേരള ബസ്’ സർവീസ് തുടങ്ങി; ആദ്യ യാത്രയിൽ തന്നെ ഹൈഡ്രോളിക് ഡോർ കേടായത് കല്ലുകടിയായി; യാത്ര ആരംഭിച്ചത് അരമണിക്കൂർ വൈകി

Spread the love

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം മുഴുവൻ സഞ്ചരിച്ച ‘നവകേരള ബസ്’ പൊതുജനങ്ങൾക്കായുള്ള ആദ്യത്തെ സർവീസ് ആരംഭിച്ചു.

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം സർവീസ് നാലരയോടെയാണ് ആരംഭിച്ചത്. യാത്ര തുടങ്ങി അൽപ്പസമയത്തിനകം തന്നെ ഹൈഡ്രോളിക് ഡോർ കേടായത് കല്ലുകടിയായി.

ബസിന്റെ ഡോർ ഇടയ്ക്കിടെ തനിയെ തുറന്നു പോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. തുടർന്ന് യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ച് യാത്ര തുടരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോർ കേടായപ്പോൾ നന്നാക്കാൻ ശ്രമിക്കുന്ന കണ്ടക്ടർ
4 മണിക്ക് യാത്ര തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും നാലരയോടെയാണ് യാത്ര ആരംഭിച്ചത്. താമരശേരിയിൽ ബസിന് സ്വീകരണം ലഭിച്ചു.

ഏപ്രിൽ മുപ്പതിനാണ് സീറ്റ് ബുക്കിങ്ങിന് ഓൺലൈൻ സൗകര്യം ഒരുക്കിയത്. രണ്ട് ദിവസം കൊണ്ട് സീറ്റു മുഴുവൻ ബുക്ക് ചെയ്തു. 25 യാത്രക്കാരാണ് ബസിലുള്ളത്. 26 സീറ്റുള്ളതിൽ ഒരു സീറ്റ് കണ്ടക്ടറുടേതാണ്.

റിസർവ് ഡ്രൈവർ കം കണ്ടക്ടർ രീതിയിൽ പി. ജയ്ഫർ, ഷാജി മോൻ എന്നിവരാണ് ബസ് ഓടിക്കുന്നത്. 2013 മുതൽ കോഴിക്കോട്-ബെംഗളൂരു മൾട്ടി ആക്സിൽ ബസ് ഓടിക്കുന്നവരാണിവർ.