play-sharp-fill
കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്ത് ആരോഗ്യമന്ത്രാലയം. കോവിഡ് വാക്‌സിന്‍ എടുത്തെന്ന് സാക്ഷിപ്പെടുത്തുന്ന കോവിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നാണ് നരേന്ദ്ര മോദിയുടെ ചിത്രവും പേരും നീക്കിയത്. കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുമെന്ന് നിര്‍മാതാക്കള്‍ തന്നെ സമ്മതിച്ചത് വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി അപ്രത്യക്ഷമായത്.

ഒന്നിച്ചു ചേര്‍ന്ന് ഇന്ത്യ കോവിഡ് 19നെ തോല്‍പ്പിക്കും എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കും അദ്ദേഹത്തിന്റെ ചിത്രത്തിനുമൊപ്പമാണ് മുന്‍പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രവും പേരും ഒഴിവാക്കി. ക്വാട്ടിനൊപ്പം പ്രധാനമന്ത്രി എന്ന് മാത്രമാണ് കാണാനാവുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോദിയുടെ ചിത്രം ഒഴിവാക്കിയത് വലിയ ചര്‍ച്ചയായതോടെ പ്രതികരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം ഒഴിവാക്കിയത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് ആദ്യമായല്ല മോദിയുടെ ചിത്രം കോവിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ഒഴിവാക്കുന്നത്. 2022ല്‍ ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം അഞ്ച് സംസ്ഥാനങ്ങളിലെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദി ചിത്രം നീക്കിയിരുന്നു.

കോവിഷീല്‍ഡ് വാക്സിന്‍ വളരെ ചുരുക്കം പേരില്‍ ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്നാണ് ബ്രിട്ടീഷ് ഫാര്‍മസി ഭീമന്‍ ആസ്ട്രസെനെക സമ്മതിച്ചത്. യുകെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് കോവിഷീല്‍ഡ് അപൂര്‍വ രോഗാവസ്ഥയായ ടിടിഎസിന് കാരണമാകുമെന്ന് പറയുന്നത്.

രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്ന അപൂര്‍വ അവസ്ഥയാണ് ത്രോംബോസിസ് വിത്ത് ത്രോംബോ സൈറ്റോപീനിയ സിന്‍ഡ്രോം അഥവാ ടിടിഎസ്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചെറിയ പ്ലേറ്റ്ലെറ്റുകള്‍ കുറയുന്നത് അപകടകരമാണ്.

കോവിഷീല്‍ഡ്, ജോണ്‍സണ്‍സ് തുടങ്ങിയ വെക്ടര്‍ വാക്സിനുകള്‍ കുത്തിവെക്കുമ്പോള്‍ രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രോട്ടീനെ ആന്റിബോഡികള്‍ ഇല്ലാതാക്കുന്നതുമൂലമാണ് പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയാന്‍ കാരണമാകുന്നത്.