video
play-sharp-fill
വനിതാ പോലീസുകാർക്ക് ആർത്തവ അവധിക്കുപോലും പരിഹാസം

വനിതാ പോലീസുകാർക്ക് ആർത്തവ അവധിക്കുപോലും പരിഹാസം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്ത്രീകൾക്ക് സുരക്ഷ ഒരുക്കേണ്ട വനിതാ ബറ്റാലിയനിലെ പെൺകുട്ടികൾക്ക് ദുരവസ്ഥ. ആർത്തവ അവധിക്ക് അപേക്ഷയുമായി ചെന്നാൽ ബറ്റാലിയനിലെ ചില പുരുഷ ഓഫീസർമാരുടെ അശ്ലീലം നിറഞ്ഞ ചിരി… ചിലർക്ക് ലീവിന്റെ കാരണം പെൺകുട്ടികൾ പറഞ്ഞ് കേൾക്കണം… മറ്റ് ചിലരാകട്ടെ കല്യാണം കഴിഞ്ഞ പെൺകുട്ടികൾ ലീവിന് അപേക്ഷ നൽകിയാൽ അർഥം വച്ച ചിരിയും അശ്ലീല ചുവയുള്ള സംസാരവും…

വനിതാ ബറ്റാലിയനിലെ അറുനൂറ്റമ്പതോളം വനിതാ പോലീസുകാരുടെ ആദ്യ പാസിങ്ഔട്ട് പരേഡ് വർണാഭമായാണ് സംസ്ഥാന സർക്കാർ ആഘോഷിച്ചത്. എന്നാൽ, ഇവർ ഇപ്പോൾ മാനസിക വിഷമത്താൽ ക്യാമ്പുകളിൽ ഒതുങ്ങിക്കൂടേണ്ട സ്ഥിതിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം, കഠിനംകുളം, അടൂർ, തൃശൂർ, കണ്ണൂർ ക്യാമ്ബുകളിലായാണ് ഇപ്പോൾ ഇവരെ നിയോഗിച്ചിരിക്കുന്നത്. ഈ ക്യാമ്പുകളിൽ വനിതാ ഓഫീസർമാരില്ല. പകരം പുരുഷ ഓഫീസർമാർക്കാണ് ചുമതല. ഇവരിൽ ചിലർക്കെതിരെയാണ് പരാതി.

ലീവിനും അവധിക്കും അപേക്ഷ നൽകേണ്ടത് സിഐ റാങ്കിലുള്ള ഓഫീസർക്കാണ്. ആർത്തവ സമയത്ത് ലഭിക്കുന്ന രണ്ടു ദിവസത്തെ അവധിക്ക് എഴുതി നൽകിയാൽ പോര, ചിലർക്ക് ചെല്ലുന്ന ആൾതന്നെ പറഞ്ഞുകേൾപ്പിക്കണം.
ഡ്യൂട്ടിക്ക് പോകുമ്പോൾ പോലും കെയർടേക്കർമാരായി ഒപ്പം പോകുന്നത് പുരുഷ പോലീസുകാരാണ്. ഡ്യൂട്ടിക്ക് പോയാൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോകാനായി ചില കെയർടേക്കർമാരോട് അനുവാദം ചോദിക്കാൻ പോലുമാവില്ല. പോലീസ് അസോസിയേഷൻ ഭാരവാഹികളോട് പരാതി പറഞ്ഞെങ്കിലും പുതിയ ബാച്ചിന് വോട്ട് ഇല്ലാത്തതിനാൽ അസോസിയേഷനും കൈയൊഴിഞ്ഞു.

ഫെബ്രുവരിയിൽ തിരുവനന്തപുരം ബറ്റാലിയനിലെ ചില ഓഫീസർമാരുടെ പ്രവൃത്തിയെക്കുറിച്ച് പോലീസ് വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ചു. ഇതോടെയാണ് സംഭവങ്ങൾ പുറത്തറിയുന്നത്. ഇതുകണ്ട ചില ഓഫീസർമാർ തങ്ങളെ അപമാനിച്ചു എന്നുകാട്ടി വനിതാ ബറ്റാലിയൻ കമാൻഡന്റ് ചൈത്ര തെരേസയ്ക്ക് പരാതി നൽകി.

ക്യാമ്പിലെ ചില പുരുഷ ഓഫീസർമാരെക്കുറിച്ച് പേരുവയ്ക്കാതുള്ള പരാതികൾ ഊമക്കത്തുകളായി പെൺകുട്ടികൾ കമാൻഡന്റിന് നൽകിയിരുന്നു. വാട്സആപ്പ് സന്ദേശം കൂടിയായതോടെ സംഭവത്തിൽ കഴമ്പുണ്ടെന്ന് കമാൻഡന്റിന് ബോധ്യമായി. ഫെബ്രുവരി 26ന് ബറ്റാലിയനിൽ കമാൻഡന്റിന്റെ നേതൃത്വത്തിൽ പൊതുയോഗം ചേർന്നു. തങ്ങൾക്ക് പരസ്യമായി ഓഫീസർമാർക്ക് നേരെ പരാതി ഉന്നയിക്കാനാകില്ലെന്നും പരാതിപെട്ടി വയ്ക്കണമെന്നും പെൺകുട്ടികൾ ആവശ്യപ്പെട്ടു. തിരുവനന്തപുരം ബറ്റാലിയനിൽ പരാതിപ്പെട്ടി വച്ചിരിക്കുകയാണ്.

എന്നാൽ പരാതിപ്പെട്ടി കൊണ്ട് മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകില്ലെന്നും വനിതാ ഉദ്യോഗസ്ഥരെ നിയമിക്കാതെ സമാധാനമായി ജോലി ചെയ്യാനാകില്ലെന്നും വിരലിൽ എണ്ണാവുന്ന ചില ഓഫീസർമാരുടെ പ്രവൃത്തികൾ സേനയെ ആകെ ബാധിക്കുകയാണെന്നും പെൺകുട്ടികൾ പറയുന്നു.