play-sharp-fill
ക്ഷേമപെൻഷൻ രണ്ടുഗഡു ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും;3200 രൂപവീതം ലഭിക്കും ; ഇനി കുടിശ്ശിക അഞ്ച് ഗഡു

ക്ഷേമപെൻഷൻ രണ്ടുഗഡു ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും;3200 രൂപവീതം ലഭിക്കും ; ഇനി കുടിശ്ശിക അഞ്ച് ഗഡു

സ്വന്തം ലേഖകൻ

തിരുവനന്തപുരം നേരത്തെ പ്രഖ്യാപിച്ച സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപവീതമാണ്‌ ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും.


6.88 ലക്ഷം പേരുടെ കേന്ദ്രസർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്രസർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ്‌ കേരളം മുൻകൂറായി തുക നൽകുന്നത്‌. ഏഴുമാസത്തെ കുടിശ്ശിക ആയിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരു ഗഡു കഴിഞ്ഞമാസം നൽകി. രണ്ടു ​ഗഡുകൂടി ഇപ്പോൾ നൽകിയാലും ഏപ്രിലിലേത് അടക്കം അഞ്ചുമാസത്തെ പെൻഷൻ ഇനിയും കുടിശ്ശികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേമപെൻഷൻ വൈകുന്നത് സംബന്ധിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയരുന്നതിനിടയിലാണ് സർക്കാർ നടപടി. പെൻഷൻ വൈകുന്നത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക സിപിഐ ഉൾപ്പെടെ ഇടതുമുന്നണി യോഗത്തിൽ പങ്കുവെച്ചിരുന്നു. പ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്രസർക്കാരാണെന്ന നിലപാടിലായിരുന്നു സംസ്ഥാനം.

കേന്ദ്രം ഫണ്ട് അനുവദിക്കാത്തതിനാലാണ് പെൻഷൻ വൈകുന്നതെന്നായിരുന്നു സർക്കാർ വൃത്തങ്ങളുടെ മറുപടി. എൽഡിഎഫ് യോഗത്തിൽ സിപിഐതന്നെ വിമർശനവുമായി രംഗത്തുവന്നതോടെ വേഗത്തിൽതന്നെ പെൻഷൻ നൽകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയിരുന്നു.