play-sharp-fill
യുകെ വിസ തട്ടിപ്പില്‍ കോടികള്‍ കൈക്കലാക്കിയ വ്യാജ വിസ തട്ടിപ്പുകാരിയ്ക്ക് പൂർണ്ണ ഗര്‍ഭിണിയെന്ന പേരില്‍ കോടതിയുടെ കരുണയും ജാമ്യവും; പൊലീസ് വീണ്ടും അന്വേഷിച്ച്‌ എത്തിയപ്പോള്‍ കോട്ടയം സ്വദേശിനിയായ യുവതി കുഞ്ഞുമായി മുങ്ങി ; ലക്ഷങ്ങള്‍ കൈക്കലാക്കിയ തട്ടിപ്പുകാരിക്കു രാഷ്ട്രീയ ഗുണ്ടാ മാഫിയ സംഘങ്ങളുടെ തണലും ഒത്താശയും; കോട്ടയം തലയോലപ്പറമ്പ് സ്റ്റേഷനിൽ പതിനഞ്ചോളം കേസുകള്‍ നിലവിൽ ഉണ്ടെങ്കിലും അഞ്ജന പണിക്കരെ കണ്ടെത്താൻ സാധിച്ചില്ലെന്ന ആക്ഷേപവും ശക്തം

യുകെ വിസ തട്ടിപ്പില്‍ കോടികള്‍ കൈക്കലാക്കിയ വ്യാജ വിസ തട്ടിപ്പുകാരിയ്ക്ക് പൂർണ്ണ ഗര്‍ഭിണിയെന്ന പേരില്‍ കോടതിയുടെ കരുണയും ജാമ്യവും; പൊലീസ് വീണ്ടും അന്വേഷിച്ച്‌ എത്തിയപ്പോള്‍ കോട്ടയം സ്വദേശിനിയായ യുവതി കുഞ്ഞുമായി മുങ്ങി ; ലക്ഷങ്ങള്‍ കൈക്കലാക്കിയ തട്ടിപ്പുകാരിക്കു രാഷ്ട്രീയ ഗുണ്ടാ മാഫിയ സംഘങ്ങളുടെ തണലും ഒത്താശയും; കോട്ടയം തലയോലപ്പറമ്പ് സ്റ്റേഷനിൽ പതിനഞ്ചോളം കേസുകള്‍ നിലവിൽ ഉണ്ടെങ്കിലും അഞ്ജന പണിക്കരെ കണ്ടെത്താൻ സാധിച്ചില്ലെന്ന ആക്ഷേപവും ശക്തം

സ്വന്തം ലേഖകൻ 

ലണ്ടൻ: കേരളത്തില്‍ വ്യാപകമായി അരങ്ങേറിയ യുകെ വിസ തട്ടിപ്പില്‍ കോടികള്‍ കൈക്കലാക്കിയ വ്യാജ വിസ തട്ടിപ്പുകാർ പൊലീസിന് പിടി കൊടുക്കാതെ മുങ്ങി തുടങ്ങി.


ഏതാനും മാസം മുൻപ് വ്യാജ വിസ പരാതിയില്‍ തലയോലപ്പറമ്ബ് പൊലീസ് അറസ്റ് ചെയ്ത കോട്ടയം സ്വദേശിനിയായ അഞ്ജന പണിക്കർ എന്ന യുവതി പൂർണ ഗർഭിണിയാണ് എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കരുണ തോന്നി കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇപ്പോള്‍ പുതിയ പരാതികളെ തുടർന്ന് പൊലീസ് വീണ്ടും അന്വേഷിച്ച്‌ എത്തിയപ്പോള്‍ യുവതി കുഞ്ഞുമായി മുങ്ങി എന്നാണ് വ്യക്തമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ്ടും അറസ്റ്റിലായി കോടതിയില്‍ എത്തുമ്ബോള്‍ കുഞ്ഞുമായി ജയിലില്‍ പോകാനാകില്ല എന്ന കാരണത്താല്‍ യുവതി മുങ്ങുക ആയിരുന്നു എന്നാണ് വ്യക്തമാകുന്നത്. അനേകം പേരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ യുവതി വെട്ടിച്ചതായാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ എത്തിയ പരാതികള്‍ സൂചിപ്പിക്കുന്നത്. യുകെ വിസ തട്ടിപ്പിന്റെ പേരില്‍ പരാതി പ്രവാഹം ഉയരുമ്ബോള്‍ പൊലീസും ഏറെക്കുറെ നിസ്സഹായരാണ് എന്നാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെടുമ്ബോള്‍ ലഭിക്കുന്ന സൂചനകള്‍.

അതിനിടെ കോട്ടയത്ത് നിന്നും മുങ്ങിയ അഞ്ജനാ പണിക്കർ പാലാ ഭാഗത്ത് എത്തിയതായി പരാതിക്കാർ ആരോപിക്കുന്നു. യുവതിയുടെ ആദ്യ ഭർത്താവിന് പാലാ, ഉഴവൂർ, അരീക്കര ഭാഗങ്ങളില്‍ ഉള്ള ബന്ധങ്ങള്‍ മൂലമാണ് ഇപ്പോള്‍ യുവതിക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ചു ഒളിവില്‍ കഴിയാൻ സഹായകമാകുന്നത് എന്നും പണം നഷ്ടമായവർ ആരോപിക്കുന്നു.

രാഷ്ട്രീയ ഗുണ്ടാ മാഫിയ സംഘങ്ങളുടെ തണലും ഒത്താശയും വ്യാജ വിസ കച്ചവടക്കാർക്ക് നിർലോഭം ലഭിക്കുന്നതിനാല്‍ പൊലീസും പേരിനൊരു അന്വേഷണം നടത്തി പിൻവലിയുക ആണെന്നാണ് പരാതിക്കാരുടെ ആക്ഷേപം. സൈബർ സെല്ലിന്റെ സഹായത്തോടെ അഞ്ജന പണിക്കരെ പോലുള്ള തട്ടിപ്പുകാരെ നിഷ്പ്രയാസം കണ്ടെത്താനാകുമെങ്കിലും പൊലീസ് അതിനു തയ്യാറാകാത്തത് രാഷ്ട്രീയ സംരക്ഷണം മൂലമാണ് എന്നും പണം നഷ്ടമായവർക്ക് പരാതിയുണ്ട്.

എന്നാല്‍ പൊലീസ് അന്വേഷണം ഇഴയുന്ന സാഹചര്യത്തില്‍ പണം ഏറെക്കുറെ നഷ്ടമായി എന്ന് ബോധ്യമായ ഏതാനും പേർ അഞ്ജന താമസിച്ചിരുന്ന ബ്രഹ്‌മംഗലത്തെ വീട്ടില്‍ എത്തി മുറ്റത്തു കിടന്നിരുന്ന വാഹനങ്ങള്‍ കടത്തിയതായും അയല്‍വാസികള്‍ പറയുന്നു. അഞ്ജന ഈ പ്രദേശത്തു വാടകയ്ക്ക് കഴിയുക ആയിരുന്നു എന്നാണ് കരുതപ്പെടുന്നത്. ആദ്യ ഭർത്താവ് ഉപേക്ഷിച്ചത് ആണെങ്കിലും ആ ബന്ധം വഴി ഉണ്ടായ സഹായമാണ് ഇപ്പോള്‍ അഞ്ജനയെ ഒളിവില്‍ കഴിയാൻ സഹായിക്കുന്നത് എന്നും പണം നഷ്ടമായവർ പറയുന്നു.

യുകെ കെയർ വിസയില്‍ ഏതാനും പേർ യുകെയില്‍ എത്തിയതോടെയാണ് കേരളത്തിന്റെ പല ഭാഗത്തു നിന്നും യുകെ മോഹവുമായി ആളുകള്‍ അഞ്ജനയെ തേടി എത്തിയതും പണം നല്‍കിയതും. തനിക്ക് നല്‍കാനാകുന്ന ജോലിയുടെ പരിമിതി നോക്കാതെ പണവുമായി എത്തിയ എല്ലാവരില്‍ നിന്നും അഞ്ജന ലക്ഷങ്ങള്‍ കൈപ്പറ്റുക ആയിരുന്നു. ഒരു യോഗ്യത പോലും ഇല്ലാത്ത ഉദ്യോഗാർത്ഥികളില്‍ നിന്നും ഉറപ്പു നല്‍കി അഞ്ജന പണം വാങ്ങിയതായാണ് പുറത്തു വരുന്ന വിവരം. ആറു ലക്ഷം രൂപയ്ക്ക് മുകളിലാണ് ഓരോ ഉദ്യോഗാർത്ഥിയും അഞ്ജനയ്ക്ക് കൈമാറിയത്.

ഇതുവരെ അഞ്ജനയുടെ ഒരു ചിത്രം പോലും പൊലീസ് പുറത്തു വിട്ടില്ലെങ്കിലും ഇപ്പോള്‍ ഇവരെ ഒളിത്താവളത്തില്‍ നിന്നും പുറത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പണം നഷ്ടമായവർ മാധ്യമങ്ങള്‍ക്ക് മുൻപില്‍ അഞ്ജനയുടെ മുഖചിത്രവുമായി എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അടക്കം യുവതി ഡിലീറ്റ് ചെയ്തതായും സൂചനയുണ്ട്. ഏതാനും മാസം മുൻപ് വരെ 15 കേസുകള്‍ അഞ്ജനയുടെ പേരില്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഇരട്ടിയായി എന്ന സൂചനയുണ്ട്.

കൂടുതല്‍ പേർ കേസുമായി മുന്നോട്ടു വരുന്നതോടെ അഞ്ജന യുകെ വിസ തട്ടിപ്പിലെ പ്രധാന കണ്ണികളില്‍ ഒരാള്‍ ആയി മാറുകയാണ് എന്നും കരുതപ്പെടുന്നു. യുകെയില്‍ ഉണ്ടായിരുന്ന ബന്ധുക്കള്‍ വഴിയാണ് അഞ്ജന മുൻപ് യുകെയില്‍ എത്തിച്ചവരില്‍ നിന്നും വിവരമറിഞ്ഞ് ഇപ്പോള്‍ പണം നഷ്ടമായവർ പണം നല്‍കിയത്. അതിനാല്‍ അഞ്ജനയുടെ യഥാർത്ഥ വിലാസമടക്കമുള്ള വിവരങ്ങള്‍ പോലും പലരുടെയും കൈവശമില്ല. എന്നാല്‍ തലയോലപ്പറമ്ബ് പൊലീസ് ഒരിക്കല്‍ അറസ്റ്റ് ചെയ്തതിനാല്‍ ഇവരെ വീണ്ടും കണ്ടെത്തുക എന്നത് അത്ര വലിയ പ്രയാസമുള്ള കാര്യം ആയിരിക്കില്ല എന്നാണ് ഇപ്പോഴും പണം നഷ്ടമായവർ കരുതുന്നത്.

രാജപുരം വണ്ണാത്തിക്കാനം സ്വദേശിനി ഡിനിയ ബാബുവാണ് അഞ്ജനാ പണിക്കർക്കെതിരെ പരാതി നല്‍കിയവരില്‍ ഒരാള്‍. ഡിനിയയുടെ പിതാവിന്റെ അനിയന്റെ മകനും മകളും യുകെയിലുണ്ട്. അവരുടെ പരിചയക്കാർ അഞ്ജന വഴിയാണ് യുകെയിലെത്തിയത്. അവർ വഴിയാണ് ഡിനിയയ്ക്ക് അഞ്ജനയുടെ ഫോണ്‍ നമ്ബർ ലഭിച്ചതും വിളിച്ചതും. തുടർന്ന് പിതാവിന്റെ സഹോദരി അഞ്ജനയെ ബ്രഹ്‌മപുരത്തെ വീട്ടിലെത്തി നേരില്‍ കാണുകയും ചെയ്തു. ഒരു തരത്തിലും സംശയങ്ങള്‍ക്ക് ഇട നല്‍കാത്ത പെരുമാറ്റമായിരുന്നു അഞ്ജനയുടേത്.

നിരവധി പേരാണ് യുകെയില്‍ അവർ വഴി പോയതെന്നും നാലു മാസത്തിനകം വിസ ശരിയാകുമെന്നുമാണ് ഡിനിയയെ പറഞ്ഞു വിശ്വസിപ്പിച്ചത്. എന്നാല്‍ ആറു മാസം കഴിഞ്ഞിട്ടും വിസ കിട്ടിയില്ല. തുടർന്ന് ഏജന്റിനെ ഫോണില്‍ വിളിച്ചപ്പോള്‍ ആദ്യമൊന്നും ഫോണ്‍ എടുക്കില്ലായിരുന്നു. പിന്നീട് സ്വിച്ച്‌ ഓഫായി. ഇത്തരത്തില്‍ നിരവധി ആളുകളേയും അഞ്ജന തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ട്. സംഭവത്തില്‍ കാസർകോട് രാജപുരം പൊലീസും കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

ഡിനിയയുടെ ബന്ധുക്കളായ ശ്രീകണ്ഠാപുരം സ്വദേശി അഖില്‍ എബ്രഹാം, കള്ളാർ സ്വദേശി സാന്റാ ജോസ് എന്നിവരും പരാതി നല്‍കിയിട്ടുണ്ട്. യുകെയില്‍ കെയർടേക്കർ ജോലി വാഗ്ദാനം ചെയ്ത് ഇവരില്‍നിന്നു 18.60 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഡിനിയയില്‍നിന്നും 6.40 ലക്ഷവും മറ്റു രണ്ട് പേരില്‍നിന്നും 6.10 ലക്ഷവും അഞ്ജന കൈക്കലാക്കി. കഴിഞ്ഞവർഷം ഏപ്രില്‍ 29നാണ് ഡിനിയയും ബന്ധുക്കളും ഏജന്റിന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തത്. ഡിനിയയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇവർ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന വിവരം പുറത്തായത്.

ഇതിനിടെ കാസർകോട്ടുനിന്ന് അഞ്ജനയെ അന്വേഷിച്ച്‌ ബ്രഹ്‌മപുരത്തെ വീട്ടില്‍ ഡിനിയയും ബന്ധുക്കളും എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. അഞ്ജന നാടുവിട്ടുപോയെന്ന് അയല്‍ക്കാർ പറഞ്ഞാണ് അറിഞ്ഞത്. വിസ നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച ചിലർ വീട്ടിസെത്തി വാഹനങ്ങള്‍ എടുത്തുകൊണ്ടു പോയെന്നും അയല്‍ക്കാർ പറഞ്ഞു. തുടർന്നാണ് ഡിനിയയും ബന്ധുക്കളും രാജപുരം പൊലീസില്‍ പരാതി നല്‍കുന്നത്.

കോട്ടയം തലയോലപ്പറമ്ബ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ അഞ്ജനയുടെ പേരില്‍ പതിനഞ്ചോളം കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞു. ഇവർ ഗർഭിണി ആയിരുന്നുവെന്നും ഇപ്പോള്‍ പ്രസവം കഴിഞ്ഞെന്നാണ് പൊലീസ് പറഞ്ഞതെന്നുമാണ് ഡിനിയ പറയുന്നത്. എന്നാല്‍ അഞ്ജനയെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.