തിരഞ്ഞെടുപ്പ് യോഗത്തില്‍ ബിജെപി നേതാക്കള്‍ പറയുന്നത് ആര് ജയിച്ചാലും കേന്ദ്ര മന്ത്രിയാകുമെന്ന് ; ഇത്തവണ കേരളത്തിന്റെ പ്രതിനിധികളായി കേന്ദ്രത്തില്‍ എത്ര മന്ത്രിമാർ ഉണ്ടാകും… കേന്ദ്ര മന്ത്രിമാരായ കേരളത്തിലെ നേതാക്കള്‍ ഇതുവരെ സംസ്ഥാനത്തിനായി നല്‍കിയ സംഭാവനകള്‍ ഒന്ന് വിലയിരുത്താം
സ്വന്തം ലേഖകൻ
കേരളത്തില്‍ 20 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്.അതില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി മത്സരിക്കുന്നത് 16 സീറ്റുകളിലാണ്.ബാക്കി നാലു സീറ്റുകള്‍ സഖ്യകക്ഷിയായ ബിഡിജെഎസാണ് മത്സരിക്കുന്നത്.
അവർക്ക് വലിയ അവകാശവാദങ്ങളില്ല.എന്നാല്‍ തങ്ങളുടെ 16 സീറ്റുകളിലെയും തിരഞ്ഞെടുപ്പ് യോഗത്തില്‍ ബിജെപി നേതാക്കള്‍ പറയുന്നത് ഇവിടെ ജയിക്കുന്ന ആള്‍ കേന്ദ്ര മന്ത്രി ആകുമെന്നാണ്.അപ്പോള്‍ എത്ര മന്ത്രിമാർ ഇത്തവണ കേരളത്തിന്റെ പ്രതിനിധികളായി കേന്ദ്രത്തില്‍ ഉണ്ടാകും?
Whatsapp Group 1 | Whatsapp Group 2 |Telegram Group
പറയുന്നത് ബിജെപി ആയതിനാല്‍ ആർക്കും സംശയമില്ല.പക്ഷെ കേരളത്തില്‍ നിന്നല്ലെങ്കിലും കേന്ദ്ര മന്ത്രിമാരായ കേരളത്തിലെ നേതാക്കള്‍ ഇതുവരെ സംസ്ഥാനത്തിനായി നല്‍കിയ സംഭാവനകള്‍ എന്താണ്?
ആദ്യം ഒ.രാജഗോപാലിലേക്ക് പോകാം.മധ്യപ്രദേശില്‍ നിന്നും വിജയിച്ച് റയില്‍വെ സഹമന്ത്രിയായ അദ്ദേഹം കേരളത്തിന് വേണ്ടി എന്താണ് ചെയ്തത്.ശബരി റെയില്‍വേയുടെ ഇന്നത്തെ സ്ഥിതി എന്താണ്..?
1992 മുതല്‍ 2004 വരെ മദ്ധ്യപ്രദേശില്‍ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ച ഇദ്ദേഹം 1998-ലെ വാജ്പേയി മന്ത്രിസഭയില്‍ റയില്‍വേ സഹമന്ത്രിയായിരുന്നു. 1996-ല്‍ ആയിരുന്നു അങ്കമാലി-എരുമേലി പാതയുടെ പ്രാഥമിക സര്‍വേ നടന്നത് 1997-ല്‍ പദ്ധതിക്ക് റെയില്‍വേ അനുമതിയും നല്‍കി. ഇന്ന് 2024 ല്‍ പദ്ധതിയുടെ പകുതി ചിലവ് കേരളം വഹിക്കുമെന്ന് പറഞ്ഞിട്ടും പദ്ധതി ഒരിഞ്ച് മുന്നോട്ടു നീങ്ങിയിട്ടില്ല എന്നോർക്കണം!
കേരളത്തിലെ ദേശീയ പാത വികസനം ഉമ്മൻ ചാണ്ടി സർക്കാർ ഉപേക്ഷിച്ചതായിരുന്നു.എന്നാല്‍ പിണറായി സർക്കാർ അത് ഏറ്റെടുത്തു നടപ്പിലാക്കി.പിണറായി സർക്കാർ അത് ഏറ്റെടുക്കുമ്ബോള്‍ എന്തായിരുന്നു ഇവിടുത്തെ പുകില്‍.ബിജെപിയുടെ കേന്ദ്രമന്ത്രി വരെ കീഴാറ്റൂരിലെ ‘ വയല്‍ക്കിളി ‘ സമരത്തിനെത്തി ഇത് നടക്കുകയില്ലെന്ന് പ്രഖ്യാപിച്ചില്ലേ..?
ബംഗാളിലെ നന്ദിഗ്രാമില്‍ നിന്നും മണ്ണ് കൊണ്ടുവന്ന് നടത്തിയ സമരത്തില്‍ സുരേഷ് ഗോപിയും മുരളീധരനും ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തില്ലേ.. എന്തായാലും പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായി. ഇന്ത്യയിലെങ്ങും കേട്ടുകേള്‍വിയില്ലാത്ത വിധം കേരളം അതിനായി കേന്ദ്രത്തിന് അടച്ചത് 25000 കോടി രൂപയായിരുന്നു.വി.മുരളീധരനും സുരേഷ് ഗോപിയുമൊക്കെ കേന്ദ്ര മന്ത്രി സഭയില്‍ ഉള്ളപ്പോഴായിരുന്നു ഇത്.
പ്രളയസമയത്ത് ജനങ്ങളെ സഹായിക്കാൻ കേരളം ആവശ്യപ്പെട്ട അരി തന്നതിന് കേന്ദ്രം കണക്കുപറഞ്ഞ് കാശ് വാങ്ങിയപ്പോഴും സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവർ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു.ഒരു ചെറുവിരല്‍ ഇവരാരെങ്കിലും ഇതിനെതിരെ അനക്കിയോ..?
പോട്ടെ അടുത്തകാലത്ത് കേരളത്തിന്റെ റേഷൻ വിഹിതം വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കാൻ ഇവർ ഇടപെട്ടോ.?
എഫ്സിഐയുടെ പക്കല്‍ സ്റ്റോക്കുള്ള മുഴുവൻ അരിയും കേന്ദ്ര ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ടാർ, ദേശീയ സഹകരണ കണ്‍സ്യൂമർ ഫെഡറേഷൻ എന്നീ കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറണമെന്നായിരുന്നു കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ നിർദേശം .ഇതോടെ കേരളത്തിലെ റേഷനിംഗ് സംവിധാനം തന്നെ പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു.പഴയ രീതി അനുസരിച്ച് സംഭരിക്കപ്പെടുന്ന അരിക്ക് കേന്ദ്രം ടെൻഡർ ക്ഷണിക്കുമ്ബോള്‍ സപ്ലൈകോ അടക്കം പങ്കെടുത്ത് അരി വാങ്ങിയിരുന്നു.സപ്ലൈകോ 24 രൂപയ്ക്ക് എഫ്സിഐയില്‍ നിന്നു വാങ്ങുന്ന വെള്ള അരി ഒരു രൂപ കുറച്ച് 23 രൂപയ്ക്കും ചുവന്ന അരി 24 രൂപയ്ക്കുമാണ് ഇങ്ങനെ വിതരണം ചെയ്തിരുന്നത്.കൂടാതെ സർക്കാർ കുറഞ്ഞ നിരക്കില്‍ റേഷൻ കടകള്‍ വഴിയും മറ്റും വിതരണം ചെയ്തുകൊണ്ടിരുന്നതും ഇത്തരത്തില്‍ വാങ്ങിയായിരുന്നു.
പുതിയ നിർദേശപ്രകാരം സപ്ലൈകോയ്ക്ക് ഇങ്ങനെ അരി വാങ്ങാൻ കഴിയില്ല. അതേസമയം എഫ്സിഐ സബ്സിഡിയോടെ 18.59 രൂപയ്ക്ക് കേന്ദ്ര ഏജൻസികള്‍ക്ക് അരി കൈമാറുകയും വേണം.അതാണ് അവർ 29 രൂപയ്ക്ക് ഭാരത് ബ്രാൻഡായി നാടൊട്ടുക്ക് വില്‍ക്കുന്നതും.ഈ പ്രതിസന്ധി മറികടക്കാനാണ് കേരളം കെ റൈസുമായി വന്നത് .തെലങ്കാനയില്‍ നിന്ന് കിലോഗ്രാമിന് 41 രൂപ നിരക്കില്‍ വാങ്ങുന്ന അരിയാണ് 30 രൂപയ്ക്കും 29 രൂപയ്ക്കും ഇന്ന് സംസ്ഥാനത്ത് വില്‍ക്കുന്നത്.ഇപ്പറഞ്ഞ ബിജെപി നേതാക്കളുടെ ഇടയില്‍ നിന്നും കേരളത്തിനൊരു സഹായം ഉണ്ടായില്ല!
ഇനി പറയൂ, നമുക്ക് എത്ര കേന്ദ്രമന്ത്രിമാർ വേണം -പ്രത്യേകിച്ചും ബിജെപി കേന്ദ്രം ഭരിക്കുമ്ബോള്‍ ?