
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍.
രാജസ്ഥാൻ സ്വദേശികളായ കിഷൻലാല്‍, സാൻവർ ലാല്‍ എന്നിവരാണ് പിടിയിലായത്.
രാജസ്ഥാനിലെ താണ്ടോടി തസ്കര ഗ്രാമത്തില്‍ നിന്നാണ് ആറ്റിങ്ങല്‍ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
അജിമീറില്‍ നിന്നും 70 കിലോമീറ്റർ അകലെയുള്ള ഉള്‍ഗ്രാമം. ദുർഘട പാതയിലൂടെ സഞ്ചരിച്ചാലാണ് തസ്കര ഗ്രാമമായ താണ്ടോടിയിലെ കെയ്രോട്ടിലെത്തുക. ആറ്റിങ്ങല്‍ എസ്‌ഐ ആദർശ്, റൂറല്‍ ഡാൻസാഫ് എസ്‌ഐ ബിജുകുമാർ ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് ദുർഘടപാത താണ്ടി ഗ്രാമത്തിലെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണത്തിന് ശേഷം ലഭിച്ച സിസിടിവി കേന്ദ്രീകരിച്ചായിരുന്നു പ്രതികളിലേക്കെത്തിയത്. പൊലീസ് ആദ്യം പ്രതികളുടെ താമസസ്ഥലം മനസിലാക്കി. ശേഷം സാഹസികമായി 27 കാരനായ കിഷൻ ലാലിനെ കസ്റ്റഡിയിലെടുത്തു. കിഷൻ ലാല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാമൻ 26 കാരനായ സാൻവർ ലാലിനെ തൊട്ടടുത്ത ജെട്പുര ഗ്രാമത്തില്‍ നിന്നും പിടികൂടി.
അതിവിദഗ്ധമായി കവർച്ച നടത്തുന്ന സംഘത്തിലുള്ളവരാണ് പ്രതികള്‍. ഉത്സവപ്പറമ്പുകളിലും റോഡുകളിലും കളിപ്പാട്ടങ്ങള്‍ ,തുണികളും വില്‍ക്കാനെന്ന വ്യാജേനയാണ് ഇവർ കേരളത്തില്‍ അലഞ്ഞുതിരിയുന്നത്.
സ്ത്രീകളും കുട്ടികളുമായി എത്തുന്ന ഇത്തരത്തിലുള്ള സംഘങ്ങള്‍ റോഡരുകില്‍ ടെന്റ് അടിച്ചാണ് താമസം. തുടർന്ന് ആളൊഴിഞ്ഞ വീടുകള്‍ നോക്കി മനസ്സിലാക്കി ആണ് കവർച്ച നടത്തുന്നത്. മോഷണ വസ്തുക്കള്‍ നിസ്സാര വിലയ്ക്ക് മറ്റുള്ളവർക്ക് വില്‍ക്കുന്നതാണ് പതിവ്. ഇതിനിടയിലാണ് കഴിഞ്ഞ മാർച്ച് ഏഴിന് ആറ്റിങ്ങലില്‍ ദന്തല്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 50 പവനും 4.5 ലക്ഷം രൂപയും കവർന്നത്.







