play-sharp-fill
ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ എം.എല്‍.എ മാര്‍ രാജിവെച്ച് മത്സരിക്കണമെന്ന് പി .കെ കൃഷ്ണദാസ്

ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ എം.എല്‍.എ മാര്‍ രാജിവെച്ച് മത്സരിക്കണമെന്ന് പി .കെ കൃഷ്ണദാസ്

സ്വന്തംലേഖകൻ

ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം.എല്‍.എ മാര്‍ സ്ഥാനം രാജിവെച്ച് മത്സരിക്കണമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. എം.എല്‍.എ മാരെ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഇടതു മുന്നണിയിലെ നേതൃദാരിദ്രമാണെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. ആത്മവിശ്വാസമുണ്ടെങ്കില്‍ എം.എല്‍.എ മാര്‍ സ്ഥാനം രാജി വച്ച് മല്‍സരിക്കാന്‍ തയ്യാറാകണം. ക്രിമിനലുകളും മാഫിയാ സംഘങ്ങളില്‍ പെട്ടവരുമാണ് ഇടതു വലതു മുന്നണികളുടെ പട്ടികയില്‍ ഉള്ളത്. കോണ്‍ഗ്രസ്സ് – മാര്‍ക്‌സിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് തിരുവനന്തപുരത്ത് ദുര്‍ബലനായ സി.ദിവാകരനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയതെന്നും കൃഷ്ണദാസ് കൊല്ലത്ത് പറഞ്ഞു.അതേ സമയം പി കെ കൃഷ്ണദാസ്  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കാനാണ് സാധ്യത. നാളെ ചേരുന്ന ബിജെപി കോര്‍ കമ്മിറ്റിക്കു ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിവര്‍ത്തന യാത്രകള്‍ ഇന്ന് സമാപിക്കുന്നതോടെ നേതാക്കള്‍ നാളെ മുതല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങും. കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടികയാണ് ബിജെപി അന്തിമമായി പ്രഖ്യാപിക്കുക.മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച കുമ്മനം രാജശേഖരന്‍ ചൊവ്വാഴ്ച കേരളത്തില്‍ മടങ്ങിയെത്തുന്നതോടെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകും. അതേസമയം ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയിലെത്തി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ യുമായി ചര്‍ച്ച നടത്തി. അമിത് ഷാ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തുഷാര്‍ ഡല്‍ഹിയില്‍ ചര്‍ച്ചക്കെത്തിയത്. തുഷാര്‍ തൃശ്ശൂര്‍ സീറ്റില്‍ മത്സരിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ തൃശ്ശൂരില്‍ തുഷാര്‍ തന്നെ മത്സരിക്കണമെന്ന ഉറച്ച നിലപാടാണ് അമിത്ഷാ യ്ക്കുള്ളത്. തുഷാര്‍ തൃശ്ശൂരില്‍ മത്സരിക്കുന്നില്ലെങ്കില്‍ തൃശ്ശൂര്‍ സീറ്റ് ബി.ജെ.പി ഏറ്റെടുക്കുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ അറിയിച്ചിരുന്നു.