video
play-sharp-fill
സ്ത്രീ ശാക്തീകരണം സ്വയം നടപ്പിലാക്കിയാൽ എല്ലാ മേഖലകളിലും സ്ത്രീയ്ക്ക് തുല്യത ആർജിക്കാൻ കഴിയും : ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കർ

സ്ത്രീ ശാക്തീകരണം സ്വയം നടപ്പിലാക്കിയാൽ എല്ലാ മേഖലകളിലും സ്ത്രീയ്ക്ക് തുല്യത ആർജിക്കാൻ കഴിയും : ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കർ

കോട്ടയം: സാമൂഹ്യ പുരോഗതിയിൽ സ്ത്രീ പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ബാലൻസ് ഫോർ ബെറ്റർ എന്നത് പ്രമേയമാക്കി കുടുംബശ്രീ ജില്ലാ മിഷന്റെയും സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷട്ര വനിതാ ദിനാചരണം ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കർ ഉദ്ഘാടനം ചെയ്തു .സ്ത്രീ സമത്വം എന്ന ആശയത്തോട് അടുത്ത് നിൽക്കുന്നതാണ് സ്ത്രീ ശാക്തീകരണമെന്നും,സ്ത്രീ ശാക്തീകരണം സ്വയം നടപ്പിലാക്കിയാൽ എല്ലാ മേഖലകളിലും സ്ത്രീയ്ക്ക് തുല്യത ആർജിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ നയിക്കാൻ കഴിയുന്ന സ്ത്രീയ്ക്ക് സമൂഹത്തെയും രാജ്യത്തെയും നയിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുടുംബശ്രീ പുതിയതായി വിപണിയിലെത്തിക്കുന്ന പാലുപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ(മിൽക്കി ലാറ്റേ)ഉൽപ്പാദകർക്കുള്ള ആനുകൂല്യ വിതരണവും ചടങ്ങിൽ എസ്.പി നിർവഹിച്ചു. സബ് കളക്ടർ ഈഷ പ്രിയ ഐ.എ.എസ് പരിപാടിയിൽ മുഖ്യാഥിതിയായിരുന്നു. കുടുംബശ്രീ പ്രവർത്തകർ നൂതന ആശയങ്ങളിലൂടെ മുന്നേറുകയാണെന്നും, പുതിയ പാതയിലൂടെ മുന്നോട്ട് നീങ്ങുമ്പോഴാണ് പുരോഗതി സാധ്യമാകുന്നതെന്നും ഈഷ പ്രിയ ഐ.എ.എസ് പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച രംഗശ്രീ തീയേറ്ററിന്റെ ഉദ്ഘാടനവും, വനിതാ സാഹിത്യ കൂട്ടായ്മ പുറത്തിറക്കുന്ന ‘പെൺമനം കവിതാ ജാലകവും കഥയിടവും’ എന്ന പുസ്തകത്തിന്റെ പ്രകാശനവും സബ് കളക്ടർ നിർവഹിച്ചു.
മാമ്മൻ മാപ്പിള ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ ജില്ലാ മിഷൻ കോർഡിനേറ്റർ പി.എൻ സുരേഷ് അധ്യക്ഷത വഹിച്ചു, ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ സാബു സി മാത്യു സ്വാഗതം പറഞ്ഞു. ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ബിനോയ് കെ ജോസഫ് , സ്നേഹിത ലീഗൽ അഡ്വൈസർ അഡ്വ. രാജി പി ജോയി ,ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടിന്റു തോമസ് ,സി.ഡി.എസ് ചെയർപേഴ്സൺമാരായ അജിതാ ഗോപകുമാർ, അഞ്ജലി ദേവി, സി.ഡി.എസ് അക്കൗണ്ടന്റ് പ്രതിനിധി ഷിനി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. ജില്ലാ പ്രാേഗ്രാം മാനേജർ ഉഷാദേവി ഇ.എസ് ചടങ്ങിൽ നന്ദി പറഞ്ഞു. ജില്ലാ പ്രോഗ്രാം മാനേജർമാർ, സി.ഡി.എസ് ചെയർപേഴ്സൺമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം രംഗശ്രീയുടെ നാടകാവതരണവും കുടുംബശ്രീ പ്രവർത്തകരുടെ കലാപ്രകടനവും അരങ്ങേറി.