
സ്വന്തം ലേഖിക
”എന്റെ ജനനം തന്നെയാണ് എന്റെ ഏറ്റവും വലിയ ദുരന്തം, ഈ കത്ത് വായിക്കുന്ന നിങ്ങള്‍ക്ക് എനിക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കില്‍, എനിക്ക് ഏഴ് മാസത്തെ ഫെലോഷിപ്പ്, ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ ലഭിക്കാനുണ്ട്.
എന്റെ കുടുംബത്തിന് അത് ലഭിക്കുന്നുണ്ടെന്ന് ദയവായി ഉറപ്പുവരുത്തണം. റാംജിക്ക് 40,000 രൂപ കൊടുക്കാനുണ്ട്. അവൻ തിരിച്ചൊന്നും ചോദിച്ചിട്ടില്ല. എന്നാലും അതില്‍നിന്ന് അവനു പണം നല്‍കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്റെ ശവസംസ്കാരം നിശബ്ദമായും സുഗമമായും നടക്കട്ടെ. ഞാൻ പ്രത്യക്ഷപ്പെട്ട് പോയതുപോലെ പെരുമാറുക. എനിക്കുവേണ്ടി കണ്ണുനീര് പൊഴിക്കരുത്. ജീവിച്ചിരിക്കുന്നതിനേക്കാള്‍ ഞാൻ മരിച്ചതില്‍ സന്തോഷമുണ്ടെന്ന് അറിയുക. ഞാൻ പോയതിനുശേഷം എന്റെ സുഹൃത്തുക്കളെയും ശത്രുക്കളെയും ഇതില്‍ ബുദ്ധിമുട്ടിക്കരുത്.”
ഏറെ പ്രതീക്ഷകളോടെ ശാസ്ത്ര എഴുത്തുകാരനാവാൻ ആഗ്രഹിച്ചിരുന്ന, സഹജീവികളെ സ്നേഹത്തോടെ കണ്ടിരുന്ന രോഹിത് വെമൂലയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് എട്ടുവര്‍ഷം തികയുകയാണ്. 2016 ല്‍ ഇതേപോലൊരു ജനുവരി 17 നാണ് രോഹിത് വെമുല ജീവനൊടുക്കിയത്. ഹൈദരാബാദ് സര്‍വകലാശാലയില്‍നിന്ന് ജാതിവിവേചനത്തിന് ഇരയായ ആ ഇരുപത്തിയാറുകാരൻ 12 ദിവസം നീണ്ടുനിന്ന സമരത്തിന് ഒടുവിലാണ് നിരാശനായി ജീവനൊടുക്കിയത്.
ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍നിന്ന് ഏറെ സ്വപ്നങ്ങളുമായിട്ടായിരുന്നു രോഹിത് വെമുല ഹൈദരാബാദ് സെൻട്രല്‍ യൂണിവേഴ്സിറ്റിയില്‍ എത്തുന്നത്. എം എസ്സി ബയോടെക്നോളജിക്ക് ചേര്‍ന്ന രോഹിത് പിന്നീട് സോഷ്യോളജി തിരഞ്ഞെടുക്കുകയായിരുന്നു. എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന രോഹിത് പിന്നീട് അംബേദ്ക്കര്‍ സ്റ്റുഡന്റസ് അസോസിയേഷന്റെ പ്രവര്‍ത്തകനായി.
ഗവേഷണത്തിന് രോഹിത്തിന് ലഭിക്കാറുണ്ടായിരുന്ന 25000 രൂപയുടെ ഗ്രാന്റ് വൈസ് ചാൻസലര്‍ അനധികൃതമായി തടഞ്ഞുവെച്ചു. തനിക്ക് ലഭിക്കാനുള്ള ഗ്രാന്റ് തരണമെന്ന് ആവശ്യപ്പെട്ട് രോഹിത് വിസിക്ക് പല തവണ കത്തയച്ചു. സ്കോളര്‍ഷിപ്പ് തരുന്നില്ലെങ്കില്‍ പകരം കുറച്ച് വിഷമോ കയറോ തരണമെന്നായിരുന്നു രോഹിത് വിസിക്ക് അയച്ച അവസാന കത്തില്‍ പറഞ്ഞത്.
ഇതിനിടെ എബിവിപി നേതാവ് സുശീല്‍ കുമാറിനെ മര്‍ദിച്ചുവെന്നാരോപിച്ച് 2015 ഓഗസ്റ്റ് അഞ്ചിന് രോഹിത് അടക്കം അഞ്ചുപേര്‍ക്കെതിരെ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. പിന്നീട് സ്ഥലത്തെ എംപിയും മന്ത്രിയുമായിരുന്ന ബന്ദാരു ദത്താത്രേയ യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ രോഹിത് അടക്കമുള്ള എ എസ് എ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചുവെന്നാരോപിക്കുകയും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതി.
തുടര്‍ന്ന് 2015 സെപ്റ്റംബറില്‍ രോഹിത് അടക്കം അഞ്ചുപേരെ സര്‍വകലാശാലയില്‍നിന്ന് സസ്പെൻഡ് ചെയ്തു. 2016 ജനുവരി മൂന്നിന് രോഹിത് അടക്കമുള്ളവരെ ഹോസ്റ്റലില്‍നിന്ന് പുറത്താക്കി. ഇതേത്തുടര്‍ന്ന് രോഹിത്തും മറ്റു വിദ്യാര്‍ത്ഥികളും സര്‍വകലാശാലയില്‍ നിരാഹാര സമരം ആരംഭിച്ചു. ഒടുവില്‍ എട്ട് വര്‍ഷം മുമ്ബുള്ള ജനുവരി 17 ന് രോഹിത് ജീവനൊടുക്കി.
രോഹിതിന്റെ ആത്മഹത്യയെത്തുടര്‍ന്ന് രാജ്യമെങ്ങും ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും രോഹിതിനെയും അദ്ദേഹത്തിന്റെ ‘രക്തസാക്ഷി’ത്വത്തെയും അധിക്ഷേപിക്കുന്ന നിലപാടാണ് സര്‍വകലാശാലയും കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്. രോഹിത് മുന്നോട്ടുവെച്ച പ്രശ്നങ്ങള്‍ വിലയിരുത്തുകയും പരിഹരിക്കുകയും ചെയ്യുന്നതിനുപകരം രോഹിത് ദളിതനല്ലെന്ന് തെളിയിക്കാനായിരുന്നു സര്‍വകലാശാലയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വെമ്ബല്‍.
രോഹിത്തിനെതിരായ സര്‍വകലാശാല നടപടികള്‍ സ്വാഭാവികമാണെന്നുമായിരുന്നു കേന്ദ്ര മാനവശേഷി മന്ത്രാലയം നിയോഗിച്ച ജൂഡീഷ്യല്‍ കമ്മീഷൻ റിപ്പോര്‍ട്ട് നല്‍കിയത്. ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാൻസലര്‍ പി അപ്പറാവുവിന് പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
രോഹിത് വെമുല ദളിത് വിഭാഗത്തില്‍പ്പെട്ട ആളല്ലെന്ന് അന്നത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ അവകാശവാദങ്ങളെ തള്ളി രോഹിത് ദളിതനാണെന്നും കുടുംബത്തിന് എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അന്നത്തെ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷൻ ചെയര്മാൻ പി എല്‍ പുനിയ വ്യക്തമാക്കിയിരുന്നു. രോഹിത് വെമുല ദളിതൻ തന്നെയാണെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ കന്തിലാല്‍ ദണ്ഡേ നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ഗുണ്ടൂര്‍ തഹസില്‍ദാറുടെ കൈവശമുള്ള ഔദ്യോഗിക രേഖകള്‍ പരിശോധിച്ചതില്‍ മാല എന്ന ഹിന്ദു പിന്നാക്ക ജാതി വിഭാഗത്തില്‍പ്പെട്ടയാളാണ് രോഹിതെന്ന് ബോധ്യപ്പെട്ടതായിട്ടായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്.
എന്നാല്‍ സുഷമസ്വരാജിന്റെ പരാമര്‍ശവും കേന്ദ്രമാനവ വിഭവശേഷി വകുപ്പിന്റെ റിപ്പോര്‍ട്ടും പുറത്തുവന്നതിന് പിന്നാലെ രോഹിത് വെമുല ദളിത് വിഭാത്തില്‍പ്പെടുന്ന ആളാണെന്ന വാദത്തെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജിയില്‍ ജില്ലാ ഭരണകൂടം നടത്തിയ വിശദ പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം രോഹിതും അമ്മയും ദളിത് വിഭാഗത്തില്‍പെടുന്നില്ലെന്ന് വ്യക്തമായതായി ഗുണ്ടുര്‍ കലക്ടര്‍ കാന്തിലാല്‍ ദണ്ഡെ പറഞ്ഞു. തുടര്‍ന്ന് രോഹിത് വെമുലയുടെ പട്ടിക ജാതി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കാൻ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. നിയമവിരുദ്ധമായി പട്ടികജാതി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയതാണെന്ന് ആരോപിച്ച് രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
രോഹിത് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരായ വ്യാജപരാതിയോ മന്ത്രിമാരുടെയും ഗ്രാന്റ് അനധികൃതമായി പിടിച്ചുവെച്ച വൈസ് ചാൻസിലറുടെയോ നടപടികളെയോ ചോദ്യം ചെയ്യുന്നതിന് പകരം
രോഹിത് ദളിതൻ അല്ലെന്ന് സ്ഥാപിക്കാനായിരുന്നു സര്‍ക്കാരിന്റെയും അന്വേഷണ കമ്മീഷന്റെയും താല്‍പ്പര്യം.രോഹിത് വെമൂലയുടെ മരണത്തിനുശേഷവും ഇന്ത്യയില്‍ ദളിത് വിദ്യാര്‍ത്ഥികളുടെ അവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഏറ്റവുമൊടുവില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിന് എന്തൊക്കെയാണ് ചെയ്തതെന്ന് യുജിസിയോട് സുപ്രീം കോടതി ചോദിക്കേണ്ടി വന്നു. ജാതി വിവേചനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെയും പായല്‍ തദ്വിയുടെയും അമ്മമാര്‍ നല്കിയ പൊതുതാല്പര്യ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് എം.എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് യുജിസിയോട് ഈ ചോദ്യം ഉന്നയിച്ചത്.