
കൊച്ചി: പ്രൊഫസര്‍ എം കെ സാനു മാസ്റ്റര്‍ പുരസ്കാരം മലയാളത്തിന്‍റെ വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻനായര്‍ക്ക് ഇന്ന് കൊച്ചിയില്‍ സമ്മാനിക്കും. കോഴിക്കോട് സാഹിത്യോല്‍സവത്തിലെ വിമര്‍ശനം സംബന്ധിച്ച് പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എം കെ സാനു മാസ്റ്റര്‍ പുരസ്കാരം ഏറ്റുവാങ്ങാനായി എം ടി കൊച്ചിയിലെത്തുന്നത്. അതുകൊണ്ടു തന്നെ കേരളം കൊച്ചിയിലെ പുരസ്കാര വേദിയിലേക്ക് ഉറ്റുനോക്കുകയാണ്.
ഒരൊറ്റ ഉത്തരമാണ് രാഷ്ട്രീയ കേരളം തേടുന്നത്. കോഴിക്കോട് സാഹിത്യോല്‍സവത്തിലെ വിമര്‍ശനം ആരെച്ചൂണ്ടിയായിരുന്നു എന്നതാണ് ഏവര്‍ക്കും അറിയാനുള്ളത്. സാഹിത്യോത്സവത്തിലെ രാഷ്ട്രീയ വിമര്‍ശനം കേരളമാകെ പല വിധത്തിലുള്ള ചര്‍ച്ചകളായി തുടരുമ്പോൾ , ഇക്കാര്യത്തില്‍ എം ടി തന്നെ വ്യക്ത വരുത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രൊഫസര്‍ എം കെ സാനു രചിച്ച ‘മോഹൻ ലാല്‍ അഭിനയ കലയിലെ ഇതിഹാസം ‘എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശിപ്പിക്കും. മോഹൻലാലും ചടങ്ങില്‍ പങ്കെടുക്കും. അതേസമയം സാഹിത്യോല്‍സവ വേദിയിലെ ഉദ്ഘാടന ചടങ്ങിലെ മുഖ്യപ്രഭാഷണത്തിലൂടെ എം ടി തൊടുത്തുവിട്ട രാഷ്ട്രീയ വിമര്‍ശനം കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ ആളിപ്പടരുകയാണ്.
കോഴിക്കോട്ടെ സാഹിത്യോല്‍സവ വേദിയില്‍ എം ടി നടത്തിയ വിമര്‍ശനത്തെ സാംസ്കാരിക നായകര്‍ ഒന്നാകെ ഏറ്റെടുത്തിട്ടുണ്ട്. എം ടി ഒരുക്കിയത് വലിയ അവസരമെന്നും വിമര്‍ശനം ഉള്‍ക്കൊണ്ട് ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നുമാണ് എന്‍ എസ് മാധവന്‍ ആവശ്യപ്പെട്ടത്. എം ടി പറഞ്ഞതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള മുന്നറിയിപ്പ് കൂടി ഉണ്ടെന്നും വ്യക്തിപൂജയ്ക്ക് വിധേയരാകുന്ന നേതാക്കള്‍ തന്നെ അത് പാടില്ലെന്ന് അണികളോട് പറയാന്‍ തയ്യാറാകണമെന്നുമാണ് കവി സച്ചിദാനന്ദന്‍ അഭിപ്രായപ്പട്ടത്. വ്യക്തിപൂജ കമ്യൂണിസ്റ്റ് രീതിയല്ലെന്നും സച്ചിദാനന്ദൻ ഓര്‍മിപ്പിച്ചു. ഹിറ്റ്‍ലറെപോലും സൃഷ്ടിച്ചത് വീരാരാധനയാണെന്നായിരുന്നു സക്കറിയയുടെ പ്രതികരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group