play-sharp-fill
‘മറ്റുള്ളവരെ അടിച്ചിട്ട് അത് രക്ഷാപ്രവര്‍ത്തനമാണെന്ന് പറയുന്നത് ശരിയല്ല; മാര്‍ക്‌സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്താല്‍ ജയിക്കുമോ?’ പാര്‍ട്ടിക്ക് വെളിയിലുള്ളവര്‍ സ്വീകാര്യരാകുന്നില്ലെങ്കില്‍ നിയമസഭയിലേക്ക് എങ്ങനെ ജയിക്കും? രാജ്യത്ത് 12 % ആയിരുന്ന കമ്യൂണിസ്റ്റുകാർ ഇപ്പോള്‍ 2.5% ആയി; അതുകൊണ്ട് നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരം മാറ്റിവെക്കണം; പിണറായിയുടെ ‘രക്ഷാപ്രവര്‍ത്തനം’ ചര്‍ച്ചയാകവേ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുന്നറിയിപ്പുമായി ജി സുധാകരൻ

‘മറ്റുള്ളവരെ അടിച്ചിട്ട് അത് രക്ഷാപ്രവര്‍ത്തനമാണെന്ന് പറയുന്നത് ശരിയല്ല; മാര്‍ക്‌സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്താല്‍ ജയിക്കുമോ?’ പാര്‍ട്ടിക്ക് വെളിയിലുള്ളവര്‍ സ്വീകാര്യരാകുന്നില്ലെങ്കില്‍ നിയമസഭയിലേക്ക് എങ്ങനെ ജയിക്കും? രാജ്യത്ത് 12 % ആയിരുന്ന കമ്യൂണിസ്റ്റുകാർ ഇപ്പോള്‍ 2.5% ആയി; അതുകൊണ്ട് നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരം മാറ്റിവെക്കണം; പിണറായിയുടെ ‘രക്ഷാപ്രവര്‍ത്തനം’ ചര്‍ച്ചയാകവേ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുന്നറിയിപ്പുമായി ജി സുധാകരൻ

ആലപ്പുഴ: നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചപ്പോള്‍ മുഖ്യമന്ത്രി അത് ”രക്ഷാപ്രവര്‍ത്തനമാണ് എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ചത് ഇടതു മുന്നണിക്ക് മുഴുവൻ ഇപ്പോള്‍ വിനയായിരിക്കയാണ്.

നാട്ടില്‍ അങ്ങോളമിങ്ങോളം ഇടതു പ്രവര്‍ത്തകര്‍ നടത്തുന്ന അതിക്രമങ്ങളുടെ ഘോഷയാത്രകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ വാക്കുകളെ പരിഹസിച്ചു കൊണ്ട് ലത്തീൻ സഭാ നേതാക്കളും കഴിഞ്ഞ ദിവസം പരോക്ഷമായി രംഗത്തുവന്നിരുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ‘രക്ഷാപ്രവര്‍ത്തനം’ ചര്‍ച്ചയാകവേ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കയാണ് മുൻ് മന്ത്രിയും മുതിര്‍ന്ന് സിപിഎം നേതാവുമായ ജി സുധാകരൻ.

സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യനാകണമെന്നും അങ്ങനെയാണ് പാര്‍ട്ടി വളരുന്നതെന്നും ജി സുധാകരൻ ഓര്‍മ്മിപ്പിച്ചു. മറ്റുള്ളവരെ അടിച്ചിട്ട് വിപ്ലവമാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്‌സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്താല്‍ ജയിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂയപ്പിള്ളി തങ്കപ്പൻ രചിച്ച്‌ എൻബിഎസ് പ്രസിദ്ധീകരിച്ച ‘സരസകവി മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ കവിതയിലെ പോരാട്ടവീര്യം’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു സുധാകരൻ.

”അഞ്ചാറു പേര് കെട്ടിപ്പിടിച്ചു കൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ? അങ്ങനെ പാര്‍ട്ടി വളരുമെന്നു ചിലര്‍ കരുതുകയാണ്; തെറ്റാണത്, ഇങ്ങനെയൊന്നുമല്ല. അറിയാവുന്നതു കൊണ്ടാണ് പറയുന്നത്. പാര്‍ട്ടിക്ക് വെളിയിലുള്ളവര്‍ നമുക്ക് സ്വീകാര്യരാകുന്നില്ലെങ്കില്‍ നിയമസഭയിലേക്ക് എങ്ങനെ ജയിക്കും? മാര്‍ക്‌സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്താല്‍ ജയിക്കാൻ പറ്റുമോ? കണ്ണൂരില്‍ എവിടെയെങ്കിലും ഉണ്ടായേക്കാം. ആലപ്പുഴയില്‍ എങ്ങുമില്ല. മറ്റുള്ളവര്‍ക്കു കൂടി സ്വീകാര്യനാകണം. അങ്ങനെയാണ് പ്രസ്ഥാനം വളരുന്നത്. പഴയ കാര്യങ്ങളൊന്നും പറയരുതെന്ന് ഒരു എംഎല്‍എ പറഞ്ഞു.

പഴയ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കിലും ആള്‍ക്കാര്‍ക്ക് ഓര്‍മയുണ്ടല്ലോ. അതുകൊണ്ട് പഴയതൊക്കെ കേള്‍ക്കണം. പഴയതു കേള്‍ക്കുന്നത് പഴയതുപോലെ ജീവിക്കാനല്ല. എങ്ങനെയാണ് ഈ കാണുന്നതെല്ലാം രൂപപ്പെട്ടതെന്നു അറിയാൻ വേണ്ടിയാണ്. ഇതൊക്കെ മനസ്സിലാക്കി കൊടുക്കേണ്ട ഉത്തരവാദിത്തം ജീവിച്ചിരിക്കുന്നവര്‍ക്കാണ്. അല്ലെങ്കില്‍ ഇന്നു ജീവിച്ചിരിക്കുന്നവരെ നാളെ ആരും അറിയാതെ വരും.

രാജ്യത്ത് 12% ആയിരുന്നു കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ 2.5% ആയി. കേരളത്തില്‍ 47% ആണ്. അതുകൊണ്ട് ശാന്തമായി, ക്ഷമയോടെ, നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരമെല്ലാം മാറ്റി ഒരുപാട് മുന്നോട്ട് പോകേണ്ട പ്രസ്ഥാനമാണെന്നു മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. ഓരോ വാക്കും പ്രവൃത്തിയും നല്ലതായിരിക്കണം. അല്ലാതെ മറ്റുള്ളവരുടെ മുഖത്ത് ഒരടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും ഞങ്ങള് കുറച്ചുപേര്‍ മാത്രം മതിയെന്നും പറയുന്നത് ശരിയായ ശൈലിയല്ല.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തെ തകര്‍ത്ത് 20 വര്‍ഷക്കാലം എഴുത്തുകാര്‍ക്ക് റോയല്‍റ്റി കൊടുക്കാതിരുന്നത് കോണ്‍ഗ്രസുകാരോ ബിജെപിക്കാരോ ആയിരുന്നില്ല. എല്‍ഡിഎഫ് ഭരണകാലത്ത് സാംസ്‌കാരിക നായകന്മാരായി വിലസി നടന്നവര്‍ ആയിരുന്നു. പിന്നീട് താൻ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ എഴുത്തുകാര്‍ക്ക് റോയല്‍റ്റി മുഴുവൻ കുടിശിക തീര്‍ത്തുകൊടുത്തു. കെട്ടിക്കിടന്ന പുസ്തകങ്ങള്‍ 50% വില കുറച്ചു വിറ്റു. എഴുത്തുകാര്‍ക്ക് റോയല്‍റ്റി നല്‍കാൻ പ്രത്യേക അക്കൗണ്ട് തുറന്നു. അതിനെയും ചിലര്‍ വിമര്‍ശിച്ചു. കര്‍ഷത്തൊഴിലാളിക്ക് പെൻഷൻ വാങ്ങാൻ വരാം. എഴുത്തുകാര്‍ക്ക് റോയല്‍റ്റി വാങ്ങാൻ വരാൻ പാടില്ലെന്നോ? ഇതൊക്കെയാണ് നമ്മുടെ നാട്ടിലെ സാംസ്‌കാരിക ബുദ്ധിജീവികളുടെ കാഴ്ചപ്പാട്.

സംഘത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ നിയമസഭയില്‍ ഏറ്റവും പിന്തുണ നല്‍കി പ്രസംഗിച്ച ആളാണ് മന്ത്രി വി.എൻ.വാസവൻ. വാസവൻ പുസ്തകം വായിക്കുന്ന ആളാണ്. മന്ത്രി പദവി പ്രയോജനപ്പെടുത്തി അദ്ദേഹം സംഘത്തിന്റെ പോരായ്മകള്‍ പരിഹരിക്കാൻ ബജറ്റില്‍ പണം ഉള്‍പ്പെടുത്തണം.

സരസ കവി എന്നു പറയുന്നെങ്കിലും മൂലൂര്‍ എസ്.പത്മനാഭപ്പണിക്കര്‍ എഴുതിയതും പറഞ്ഞതുമെല്ലാം സരസമായിരുന്നില്ല. ജാതിപ്പിശാചിന്റെ ആക്രമണത്തില്‍ സാഹിത്യ രംഗത്ത് ഏറ്റവും കൂടുതല്‍ മുറിവേറ്റ ആളാണ് പത്മനാഭപ്പണിക്കര്‍. അദ്ദേഹം തന്റെ രചനയിലൂടെ തിരിച്ചും മുറിവേല്‍പിച്ചു. ജാതി ഇപ്പോഴും പൊതുസമൂഹത്തില്‍ ചുരുണ്ടുകൂടി കിടക്കുകയാണെന്നും സുധാകരൻ പറഞ്ഞു. സംഘം പ്രസിഡന്റ് പി.കെ.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ബിച്ചു എക്‌സ്. മലയില്‍ പുസ്തകം സ്വീകരിച്ചു. സെക്രട്ടറി എസ്.സന്തോഷ്‌കുമാര്‍, പൂയപ്പിള്ളി തങ്കപ്പൻ, ആലപ്പുഴ മാനേജര്‍ നവീൻ ബി.തോപ്പില്‍, മാര്‍ക്കറ്റിങ് മാനേജര്‍ ജി.വിപിൻ എന്നിവര്‍ പ്രസംഗിച്ചു.