ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; ഭാര്യയെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവ് പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
പെരിന്തൽമണ്ണ: യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവായ തമിഴ്നാട് കടലൂർ കാട്ടുമണ്ണാർകോവിൽ സ്വദേശി ജയചന്ദ്രൻ എന്ന ചന്ദ്രുവിനെ(36) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ ഇവർ രണ്ടുമാസത്തോളമായി പാതായ്ക്കരയിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു.
ഒൻപതിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ ജയചന്ദ്രൻ ഭാര്യയെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. യുവതിയെ വീടിനുള്ളിൽ പൂട്ടിയിട്ട് രക്ഷപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്വാറി തൊഴിലാളിയായിരുന്ന ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. സംഭവത്തിന് ശേഷം റൂമിനകത്ത് നിന്നും നിലവിളി കേട്ട അയൽക്കാരാണ് യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. യുവതി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ണൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ഇവർക്ക് മൂന്നു മക്കളുണ്ട്. അവർ പ്രതിയുടെ വീട്ടിലാണ് കഴിയുന്നത്. കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുമെന്നും പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്ത് അറിയിച്ചു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പ്രേംജിത്തിന് പുറമെ എസ്.ഐ മാരായ ഷിജോ സി. തങ്കച്ചൻ, ടി.എൻ. പ്രദീപൻ, എസ്.സി.പി.ഒമാരായ കെ.എസ്. ഉല്ലാസ് , സിന്ധു, ഷജീർ, മിഥുൻ, ദിനേശ് കിഴക്കേക്കര, സി.പി.ഒമാരായ സൽമാൻ പള്ളിയാൽതൊടി, ജിതിൻ മുട്ടുങ്ങൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.