ജീവിതം മാറ്റിമറിച്ച വര്‍ക്കൗട്ടും ഡയറ്റും, സോഷ്യൽ മീഡിയയെ ഞെട്ടിച്ചു ദമ്പതികൾ
സ്വന്തംലേഖകൻ
കോട്ടയം : ഹോര്‍മോണ്‍ പ്രശ്നങ്ങളെ തുടര്‍ന്നാണ് തീരെ ചെറുപ്പത്തിലേ ലെക്സി അസാധാരണമായി തടിക്കാന്‍ തുടങ്ങിയത്. സ്കൂളിലും കോളേജിലുമെല്ലാം ഈ തടിയുടെ പേരില്‍ എത്രയോ പരിഹസിക്കപ്പെട്ടു. വിവാഹപ്രായമെത്തിയപ്പോള്‍ ബാല്യകാല സുഹൃത്തായ ഡാനി ലെക്സിയെ വിവാഹം കഴിച്ചു. 2015ലായിരുന്നു ഇരുവരുടെയും വിവാഹം. സ്വതവേയുള്ള ഹോര്‍മോണ്‍ പ്രശ്നങ്ങളുടെ കൂട്ടത്തില്‍ മടി പിടിച്ച ജീവിതരീതി കൂടിയായപ്പോള്‍ ലെക്സി വീണ്ടും വണ്ണം വച്ചു. കായികമായ അധ്വാനങ്ങളെല്ലാം നിര്‍ത്തിയതോടെ ലെക്സിക്കൊപ്പം ഡാനിയും പതിയെ വണ്ണം വച്ചുവന്നു. സാമ്പത്തികമായി സുരക്ഷിതമായ ഏതൊരു അമേരിക്കന്‍ കുടുംബത്തെയും പോലെ, ലെക്സിയും ഡാനിയും ഒരു ‘ഫാസ്റ്റ് ഫുഡ്’ ജീവിതം തന്നെയായിരുന്നു തെരഞ്ഞെടുത്തിരുന്നത്. ജോലി കഴിഞ്ഞ് വെറുതെയിരിക്കുന്ന വൈകുന്നേരങ്ങളില്‍ കയ്യില്‍ കിട്ടുന്നതെല്ലാം കഴിച്ച് സിനിമകള്‍ കണ്ടിരിക്കാനായിരുന്നു ഇരുവര്‍ക്കും താല്പര്യം. മാസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ടുപേരുടെയും ശരീരഭാരത്തില്‍ ഗണ്യമായ മാറ്റം വന്നു. സുഹൃത്തുക്കളാണ് ഇതിന്റെ ദോഷഫലങ്ങള്‍ ഇരുവരെയും ധരിപ്പിച്ചത്. അങ്ങനെ 2016 ജനുവരിയില്‍ പുതുവര്‍ഷ പ്രതിജ്ഞയായി വണ്ണം കുറയ്ക്കാന്‍ ലെക്സിയും ഡാനിയും തീരുമാനിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെ തന്നെയായിരുന്നു തുടക്കം. അതുവരെ തുടര്‍ന്ന ഭക്ഷണരീതികള്‍ പാടേ ഉപേക്ഷിക്കുകയെന്നതായിരുന്നു ആദ്യമാസത്തെ പ്ലാന്‍. വളരെ വിഷമിച്ചെങ്കിലും ഇരുവരും ആ കടമ്പ കടന്നു. പിന്നെ പതിയെ വര്‍ക്കൗട്ടിലേക്കും ടൈറ്റ് ഡയറ്റിംഗിലേക്കുമെല്ലാം കടന്നു.ഇതിനിടെ ശാരീരികമായും മാനസികമായുമെല്ലാം ഏറെ വിഷമതകള്‍ അനുഭവിച്ചുവെന്ന് ലെക്സി പറയുന്നു. പലപ്പോഴും ഈ ശ്രമങ്ങളെല്ലാം പാഴാണെന്ന് തോന്നി അവസാനിപ്പിക്കാനൊരുങ്ങി, എന്നാല്‍ അപ്പോഴൊക്കെ പരസ്പരം പ്രചോദനം നല്‍കിയും നിര്‍ബന്ധിച്ചും സ്നേഹത്തോടെ ശാസിച്ചുമെല്ലാം രണ്ടുപേരും മുന്നോട്ടുതന്നെ നീങ്ങി. രണ്ട് വര്‍ഷത്തെ നീണ്ട ശ്രമം. 220 കിലോയില്‍ നിന്ന് ലെക്സി 82 കിലോയിലേക്കെത്തി. ഡാനിയാകട്ടെ 128 കിലോയില്‍ നിന്ന് 86 കിലോയിലേക്കുമെത്തി. ആര്‍ക്കും വിശ്വസിക്കാനാകാത്ത മാറ്റം. ഓരോ തവണയും തങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് ലെക്സി ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആയിരക്കണക്കിന് പേരാണ് ഇവരുടെ അവിശ്വസനീയമായ ജീവിതകഥയില്‍ ആകൃഷ്ടരായിരിക്കുന്നത്. അപൂര്‍വ്വ ദമ്പതികളെന്ന ബഹുമതിയും ഇവര്‍ ലെക്സിക്കും ഡാനിക്കും നല്‍കിക്കഴിഞ്ഞു.