play-sharp-fill
ജീവപര്യന്തം കിട്ടിയ തടവുകാർക്ക് എൽ.എൽ.ബി പഠിക്കാൻ അനുമതി;  പഠനത്തിനായി ശിക്ഷ മരവിപ്പിച്ച് പരോൾ അനുവദിക്കില്ല. ഓൺലൈനിലൂടെ എൽ.എൽ.ബി പഠിക്കാം. തടവുകാരുടെ അവകാശങ്ങൾ നിഷേധിക്കാനാവില്ല ; ജയിലിൽ കഴിയുന്ന സമയം ഉചിതമായി വിനിയോഗിക്കാനും പുറത്തിറങ്ങുമ്പോൾ മികച്ച ജീവിതം നയിക്കാനും വിദ്യാഭ്യാസം സഹായിക്കും : ഹൈക്കോടതി

ജീവപര്യന്തം കിട്ടിയ തടവുകാർക്ക് എൽ.എൽ.ബി പഠിക്കാൻ അനുമതി;  പഠനത്തിനായി ശിക്ഷ മരവിപ്പിച്ച് പരോൾ അനുവദിക്കില്ല. ഓൺലൈനിലൂടെ എൽ.എൽ.ബി പഠിക്കാം. തടവുകാരുടെ അവകാശങ്ങൾ നിഷേധിക്കാനാവില്ല ; ജയിലിൽ കഴിയുന്ന സമയം ഉചിതമായി വിനിയോഗിക്കാനും പുറത്തിറങ്ങുമ്പോൾ മികച്ച ജീവിതം നയിക്കാനും വിദ്യാഭ്യാസം സഹായിക്കും : ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: ജീവപര്യന്തം കിട്ടിയ 2തടവുകാർക്ക് എൽ.എൽ.ബി പഠിക്കാൻ ഹൈക്കോടതിയുടെ അനുമതി. നിയമപഠനം പൂർത്തിയാക്കാൻ ശിക്ഷ സസ്പെൻഡ് ചെയ്‌‌തു പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ചീമേനി തുറന്ന ജയിലിലെ പട്ടക്ക സുരേഷ് ബാബു, കണ്ണൂർ ജയിലിൽ കഴിയുന്ന വി. വിനോയ് എന്നിവർ നൽകിയ ഹർജികളിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവു നൽകിയത്.


കൊലപാതക കേസുകളിൽ തടവുശിക്ഷ അനുഭവിക്കുന്ന ഇവർക്ക് ശിക്ഷ മരവിപ്പിച്ച് പരോൾ അനുവദിക്കേണ്ട പ്രത്യേക സാഹചര്യമില്ലെന്നു വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് ഓൺലൈനിലൂടെ പഠനം തുടരാൻ അനുമതി നൽകിയത്. എന്നാൽ പരീക്ഷകൾക്കും പ്രായോഗിക പരിശീലനത്തിനും ഇവർ നേരിട്ട് എത്തേണ്ടി വരുമ്പോൾ ഒരു ലക്ഷം രൂപയുടെ ബോണ്ട് ഉൾപ്പെടെയുള്ള ഉപാധികളോടെ പോകാൻ ജയിൽ സൂപ്രണ്ടുമാർ അനുമതി നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷ് ബാബുവിന് കുറ്റിപ്പുറം കെ.എം.സി.ടിയിലും വിനോയിക്ക് പൂത്തോട്ട എസ്.എൻ കോളേജിലുമാണ് പ്രവേശനം ലഭിച്ചത്. നവംബർ ആറിന് ക്ളാസുകൾ തുടങ്ങാനിരിക്കെയാണ് ഇവർ ഹർജി നൽകിയത്. ഓൺലൈൻ എൽ.എൽ.ബി കോഴ്‌സുകൾക്ക് നിരോധനമുണ്ടെന്ന് എം.ജി, കാലിക്കറ്റ് സർവകലാശാലകൾ അറിയിച്ചു.

എന്നാൽ കോടതി നിർദ്ദേശിച്ചാൽ ഓൺലൈൻ ക്ളാസിന് സൗകര്യം ഒരുക്കാമെന്ന് കോളേജുകളിലെ പ്രിൻസിപ്പൽമാർ വ്യക്തമാക്കി. അംഗീകൃത സർവകലാശാലയിൽ നിന്ന് റെഗുലർ കോഴ്‌സ് പാസാവാതെ ഇവർക്ക് അഭിഭാഷകരായി എൻറോൾ ചെയ്യാനാവില്ലെന്ന് ബാർ കൗൺസിൽ വിശദീകരിച്ചു.

എന്നാൽ സ്വാതന്ത്ര്യം ഒഴികെ ഭരണഘടനാപരമായ ഒരു അവകാശവും തടവുകാരന് നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച് അന്തസോടെ ജീവിക്കാനുള്ള അവകാശം തടവുകാർക്കുണ്ടെന്ന സുപ്രീം കോടതിയുടെ ഉത്തരവുകളും ചൂണ്ടിക്കാട്ടി.

വ്യക്തി വികാസത്തിൽ നിർണായക പങ്കുള്ള വിദ്യാഭ്യാസത്തിനാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. കുറ്റവാളിയെ തടവിലാക്കുന്നത് നവീകരിക്കാനും പുനരധിവസിപ്പിക്കാനുമാണ്. വിദ്യാഭ്യാസത്തിന് ഇതിൽ പങ്കുണ്ട്. ജയിലിൽ കഴിയുന്ന സമയം ഉചിതമായി വിനിയോഗിക്കാനും പുറത്തിറങ്ങുമ്പോൾ മികച്ച ജീവിതം നയിക്കാനും വിദ്യാഭ്യാസം ഇവരെ സഹായിക്കും.

അതിനാലാണ് എൽ.എൽ.ബി പഠനത്തിന് അനുമതി നൽകുന്നത്. അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമേ ജീവപര്യന്തം തടവുകാരുടെ ശിക്ഷ മരവിപ്പിക്കാനാവൂ. ഓൺലൈൻ ക്ളാസ് യു.ജി.സി അനുവദിക്കുന്നില്ലെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇത്തരം സൗകര്യം അനുവദിക്കുന്നത് റെഗുലേഷനു വിരുദ്ധമാണെന്ന് പറയാനാവില്ല. ‌‌കൊവിഡ് കാലത്ത് പഠനം ഓൺലൈൻ ക്ളാസുകളിലേക്ക് മാറുന്നത് നാം കണ്ടതാണ്. ജയിലുകളിൽ വീഡിയോ കോൺഫറൻസിംഗ് സൗകര്യമുണ്ട്. ഓൺലൈൻ ക്ളാസ് സൗകര്യം ഒരുക്കാമെന്ന് പ്രിൻസിപ്പൽമാർ അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് അനുമതി നൽകുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.