പൊലീസ് വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാൻ പണമില്ല; പൊലീസ് വണ്ടി ഓടിക്കുന്നത് സ്വന്തം പോക്കറ്റില്‍ നിന്ന് പണമിറക്കി; അടിയന്തരമായി 28 കോടിയെങ്കിലും വേണം; സര്‍ക്കാരിന് കത്തു നല്‍കി ഡിജിപി

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ ബാധിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി പൊലീസ് വകുപ്പിനെയും സാരമായി ബാധിക്കുന്നു. പൊലീസ് വാഹനങ്ങളില്‍ ഇന്ധനമടിക്കാൻ പണമില്ലാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.

 

അടിയന്തരമായി 28 കോടിയെങ്കിലും അനുവദിക്കണമെന്നും അല്ലാത്തപക്ഷം എല്ലാം കുഴഞ്ഞു മറിയുമെന്നും കാണിച്ചു ഡിജിപി സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കിയെന്നാണ് വാര്‍ത്ത. പണമില്ലാത്തതിനെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ കേസ് അന്വേഷണങ്ങളെയും ബാധിച്ചേക്കുന്ന അവസ്ഥയിലാണിപ്പോൾ കാര്യങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഓരോ കേസ് അന്വേഷണത്തിനായും ഒരു ദിവസം തന്നെ നിരവധി തവണയാണ് ഓരോ പൊലീസ് സ്റ്റേഷനിലെയും വാഹനങ്ങള്‍ ഓടുന്നത്. എന്നാല്‍, അതിനുള്ള ഇന്ധനം അടിക്കാൻ നട്ടം തിരിഞ്ഞിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം എങ്ങനെ ഓടിപ്പോയി എന്ന് ചോദിച്ചാല്‍ ഓരോ സ്റ്റേഷൻ ഹൗസ് ഓഫീസര്‍മാര്‍ക്കും ഓരോ അനുഭവമായിരിക്കും പറയാനുണ്ടാകുക. മൂന്ന് ജീപ്പുള്ള സ്റ്റേഷനില്‍ ഒരു ജീപ്പ് മാത്രമാണ് ഓടിയത്.

 

പലപ്പോഴും പൊലീസുകാര്‍ സ്വന്തം പോക്കറ്റില്‍നിന്ന് പണമിറക്കിയാണ് ഇന്ധനം അടിച്ചത്. ചിലര്‍ കടം വാങ്ങിയും ഇന്ധനം അടിച്ചു. പുതിയ വര്‍ഷത്തില്‍ ഇന്ധന ചെലവില്‍ 44 കോടിയാണ് അനുവദിച്ചത്. എന്നാല്‍, കടം തീര്‍ക്കാനും ഇന്ധനമടിക്കാനുമായി തന്നെ 31 കോടി തീര്‍ന്നു. ബാക്കിയുള്ള 13 കോടികൊണ്ട് എങ്ങനെ മുന്നോട്ട് പോകുമെന്നാണ് ഡിജിപി സര്‍ക്കാരിനോട് ചോദിക്കുന്നത്.

 

കട്ടപ്പുറത്തായ പൊലീസ് വണ്ടികള്‍ പുറത്തിറക്കാനും പണമില്ല. തലസ്ഥാനത്ത് കണ്‍ട്രോള്‍ റൂമിലെ 18 വണ്ടിയില്‍ ആറെണ്ണം കട്ടപ്പുറത്താണ്. പണി തീര്‍ക്കാൻ പണമില്ലാത്തതാണ് പ്രതിസന്ധി. ടയറും സ്‌പെര്‍പാര്‍ട്‌സും വാങ്ങിയ വകയില്‍ ഒരു കോടിയോളം രൂപ കുടിശ്ശികയുമുണ്ട്. സമാനമായ പ്രശ്‌നം മറ്റ് ജില്ലകളിലുമുണ്ട്. നൈറ്റ് ലൈഫിന് പിന്നാലെ പിങ്ക് പൊലീസ് ഇടതടവില്ലാതെ ഓടേണ്ട സാഹചര്യമാണുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ പോയി പ്രതികളെ പിടികൂടുന്നതിന് കൈയില്‍ നിന്നും ചെലവാക്കുന്ന പണവും പൊലീസുകാര്‍ക്ക് കിട്ടുന്നില്ല.

 

ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത 404 കേസുകളില്‍ അഞ്ച് കേസില്‍ മാത്രമാണ് പ്രതികളെ പിടികൂടിയത്. ബാക്കി കേസ്സുകൾ സംസ്ഥാനം വിട്ട് പോകേണ്ടതായതിനാല്‍ തല്‍ക്കാലം അനങ്ങേണ്ടെന്നാണ് മുകളില്‍ നിന്നുള്ള നിർദ്ദേശം. പണം അനുവദിച്ച്‌ ഇന്ധന പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ പൊലീസ് സേനയുടെ പ്രവര്‍ത്തനത്തെ രൂക്ഷമായി ബാധിക്കുന്ന അവസ്ഥയാണ്‌ ഇപ്പോൾ ഉള്ളത്.