
കണ്ടുപഠിക്ക് അധികാരികളേ… നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ ഞങ്ങൾക്ക് റോഡ് പണിയാനറിയാം; പൂവരണി അമ്പലം ഹെല്‍ത്ത് സെന്റര്‍ റോഡ് സഞ്ചാരയോഗ്യമാക്കി നാട്ടുകാർ
പാലാ: കണ്ടുപഠിക്ക് അധികാരികളേ, നിങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍ ജനങ്ങള്‍ നേരിട്ടിറങ്ങി ചെയ്യും.
പാവങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈക്കാശ് മുടക്കി പൂവരണി അമ്പലം ഹെല്‍ത്ത് സെന്റര്‍ റോഡ് സഞ്ചാരയോഗ്യമാക്കി.
ആകെത്തകര്‍ന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ടുളള നാട്ടുകാരുടെ മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നിട്ടും ഒരു പ്രയോജനവുമുണ്ടായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും, തദ്ദേശ സ്ഥാപനങ്ങളും കൈവിട്ടപ്പോഴാണ് കൈക്കരുത്തുമായി റോഡുപണിക്ക് നാട്ടുകാര്‍ നേരിട്ട് രംഗത്തിറങ്ങിയത്. അതും ആധുനിക മെഷീനുകളുടെ സഹായത്തോടെ തന്നെ.
2017-18 വര്‍ഷത്തെ പദ്ധതിയില്‍പ്പെടുത്തി റോഡ് പി.എം.ജി.എസ്.വൈ ഏറ്റെടുത്തതാണ്. ആദ്യ ഘട്ടമായി സഞ്ചാരയോഗ്യമായിരുന്ന ഒന്നാം തരം ടാറിംഗ് റോഡ് പൊളിച്ചു മാറ്റി. 6 മീറ്റര്‍ വീതിക്ക് റോഡിനിരുവശവും താമസിക്കുന്നവര്‍ നയാപൈസാ പോലും കൈപ്പറ്റാതെ സ്ഥലവും വിട്ടു നല്കി.
എന്നാല്‍ റോഡ് മണ്ണിട്ട് നിരപ്പാക്കി മെറ്റല്‍ വിരച്ചതല്ലാതെ പിന്നീട് ഒരു പണിയും നടന്നില്ല.
ഈ പദ്ധതി പി.എം.ജി.എസ്.വൈ. ഇപ്പോള്‍ ഉപേക്ഷിച്ച മട്ടുമാണ്. 2021 മാര്‍ച്ചില്‍ വിവരാവകാശ നിയമപ്രകാരം പി.എം.ജി. എസ്. വൈ യില്‍ അന്വേഷിച്ചപ്പോള്‍ 40 ലക്ഷത്തില്‍പരം രൂപ ഈ റോഡുപണിക്കായി കരാറുകരാൻ കൈപ്പറ്റിയതായി അറിയുവാൻ കഴിഞ്ഞുവെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
റോഡ് തകര്‍ന്നു തരിപ്പണമായി എന്നതുമാത്രവുമല്ല പലയിടത്തും ഗര്‍ത്തവും രൂപപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ ആശ്രയിക്കുന്ന പൂവരണി പ്രാഥമിക ആരോഗ്യകേന്ദ്രവും ഗവണ്‍മെന്റ് ആയൂര്‍വേദ ഹോമിയോ ആശുപത്രികളും പാലാക്കാട് പള്ളിയും ഉള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങളുള്ളിടത്തേക്ക് പോകുന്ന പ്രധാന വഴിയാണിത്.
എന്നാല്‍ രാഷ്ട്രീയ ചേരിതിരിവുകളുടെയും ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെയും നേര്‍ക്കാഴ്ച്ചയായി പൂവരണി അമ്പലം ഹെല്‍ത്ത് സെന്റര്‍ റോഡ് മാറുകയായിരുന്നു. കഴിഞ്ഞ ദിവസം റോഡിന് സമീപത്തെ നൂറോളം വീട്ടുകാര്‍ റോഡ് നന്നാക്കാനായി ഒറ്റക്കെട്ടായി വഴിയിലിറിങ്ങി. അങ്ങനെ റോഡ് സഞ്ചാരയോഗ്യവുമാക്കി.