ഹെൽമറ്റ് ധരിക്കാത്ത നേതാവിന് പൊലീസ് മർദനം: കോൺഗ്രസ് പ്രതിഷേധം ശക്തമായി; ചിങ്ങവനം പൊലീസ് സ്റ്റേഷനിലേയ്ക്ക് കോൺഗ്രസ് പ്രതിഷേധം
സ്വന്തം ലേഖകൻ
കോട്ടയം: ഹെൽമറ്റ് ധരിക്കാതിരുന്നതിന്റെ പേരിൽ പൊലീസ് മർദിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പനച്ചിക്കാട് കരടിക്കുഴിയിൽ ലിബിൻ കെ.ഐസക്കിനെയാണ് (34) മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
ആശുപത്രിയിൽ എത്തി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ ലിബിനെ സന്ദർശിച്ചു. ലിബിൻ അപകട നില തരണം ചെയ്തിട്ടുണ്ട്.
ലിബിനെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ചിങ്ങവനം പൊലീസ് സ്റ്റേഷനിലേയ്ക്ക് പ്രകടനം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിങ്ങവനം ഗോമതിക്കവലയിൽ നിന്നും ആരംഭിച്ച പ്രകടനം പൊലീസ് സ്റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് ചേർന്ന യോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, ഡി.സി.സി ജനറൽ സെക്രട്ടറി ജോണി ജോസഫ്, എസ്.രാജീവ്, എൻ . എസ് ഹരിച്ഛന്ദ്രൻ ,ജോബോയ്
ജോർജ്, ഷിൻസ് പീറ്റർ, ജോബി അഗസ്റ്റിൻ, ഡോ.ശോഭാ സലിമോൻ, ജോബിൻ ജേക്കബ്, അനീഷ് വരമ്പിനകം ടിനോകെ തോമസ് കുഞ്ഞുമോൻ കുളങ്ങര, കെ.കെ പ്രസാദ് എന്നിവർ പ്രസംഗിച്ചു. ലിബിനെ മർദിച്ച ഹൈവേ പെട്രോളിംഗ് എസ്.ഐ അടക്കമുള്ളവരെ സർവീസിൽ നിന്ന് പിരിച്ച് വിട്ട് വധശ്രമത്തിന് കേസെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു.