തിരുവല്ല അർബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ്; മുൻ മാനേജർ പ്രീത ഹരിദാസ് അറസ്റ്റിൽ; ഒളിവില്‍ പോയ പ്രീതയെ യാത്രാമധ്യേ പൊലീസ് പിടികൂടുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: തിരുവല്ല അര്‍ബൻ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ മാനേജര്‍ പ്രീത ഹരിദാസ് അറസ്റ്റില്‍. പ്രീത ഹരിദാസിന്റെ മുൻകൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി, പതിനേഴാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാൻ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഹാജരായിരുന്നില്ല.

ഒളിവില്‍ പോയ പ്രീതയെ യാത്രാമധ്യേ ഇന്നലെ രാവിലെ പൊലീസ് പിടികൂടുകയായിരുന്നു. തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രീതാ ഹരിദാസിനെ അറസ്റ്റ് ചെയ്തത്. ഇടപാടുകാരിയുടെ അക്കൗണ്ടില്‍നിന്ന് 350000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. 2015ലാണ് പ്രീത തട്ടിപ്പ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതില്‍ഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹനും മകള്‍ നീന മോഹനും ബാങ്കിനെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രീത മുൻകൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഈ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പിക്ക് മുമ്ബാകെ ഹാജരാവാൻ ഹൈക്കോടതി പ്രീതയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത നാലര ലക്ഷം രൂപയില്‍ മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ ബാങ്കില്‍ തിരിച്ചടച്ചതായി പ്രീത പ്രതികരിച്ചു.

എന്നാല്‍ ബാങ്കില്‍ പണം എത്തിയിട്ടില്ലെന്ന് ബാങ്ക് ചെയര്‍മാനും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ആര്‍ സനല്‍കുമാര്‍ പറയുന്നു. 2015 ലാണ് വിജയലക്ഷ്മി 380,000 രൂപ തിരുവല്ല അര്‍ബൻ സഹകരണ ബാങ്കില്‍ സ്ഥിര നിക്ഷേപമിട്ടത്. അഞ്ചു വര്‍ഷത്തിനുശേഷം പലിശ സഹിതം 6 ലക്ഷത്തി എഴുപതിനായിരം രൂപ കിട്ടേണ്ടിടത്ത് നിക്ഷേപ തുക തിരികെ എടുക്കാൻ ചെന്നപ്പോള്‍ അക്കൗണ്ട് കാലി.

2022 ഒക്ടോബര്‍ മാസത്തില്‍ തുക പിൻവലിക്കാൻ എത്തിയപ്പോഴാണ് പണം പിൻവലിക്കപ്പെട്ട വിവരം പരാതിക്കാരി അറിഞ്ഞത്. തുടര്‍ന്ന് വിജയലക്ഷ്മി തിരുവല്ല ഡിവൈഎസ്‌പി മുമ്ബാകെ പരാതി നല്‍കി. ഡിവൈഎസ്‌പിയുടെ നിര്‍ദ്ദേശപ്രകാരം അടുത്ത ദിവസം സ്റ്റേഷനില്‍ എത്തിയ പ്രീതയും മറ്റൊരു ജീവനക്കാരിയും തങ്ങളാണ് പണം വ്യാജ ഒപ്പിട്ട് പിൻവലിച്ചതെന്ന് സമ്മതിച്ചു.

തുടര്‍ന്ന് മൂന്ന് മാസത്തിനകം പണം തിരികെ നല്‍കാം എന്ന ഉറപ്പിന്മേല്‍ ഇവര്‍ ചെക്കും പ്രോമിസ്ട്രി നോട്ടും പരാതിക്കാരിക്ക് നല്‍കി. 5 മാസങ്ങള്‍ക്ക് ശേഷവും പണം ലഭിക്കാതെ വന്നതോടെയാണ് വിജയലക്ഷ്മി സഹകരണ രജിസ്ട്രാറിനും ഹൈക്കോടതിക്കും പരാതി നല്‍കിയത്. സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരുടെ ആവലാതി സത്യമാണെന്ന് ബോധ്യമാവുകയും 7 ദിവസത്തിനകം നിക്ഷേപയുടെ പണം തിരികെ നല്‍കണം എന്ന് ആവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

അതേ സമയം നാലര ലക്ഷം രൂപയാണ് വ്യാജ ഒപ്പിട്ട് മാറിയെടുത്തത് എന്നും ബാക്കി തുക മറ്റൊരു ജീവനക്കാരിയാണ് എടുത്തതെന്നും പ്രീത പറഞ്ഞു. ഇതില്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ ബാങ്കില്‍ തിരിച്ചടച്ചതായും പ്രീത പറയുന്നു. എന്നാല്‍ തട്ടിയെടുക്കപ്പെട്ട തുകയില്‍ നിന്നും ഒരു രൂപ പോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരായ വിജയലക്ഷ്മിയും മകള്‍ നീനയും പറഞ്ഞു.