
സ്വന്തം ലേഖിക
ന്യൂഡൽഹി: അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തിയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാന്, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
നവംബര്‍ 7 ന് ആരംഭിച്ച് നവംബര്‍ 30 ന് അവസാനിക്കുന്ന തരത്തിലാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, മിസോറാം എന്നിവിടങ്ങളില്‍ ഒറ്റ ഘട്ടമായും ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായുമാണ് വോട്ടെടുപ്പ് നടക്കുക. ഛത്തീസ്ഗഢില്‍ നവംബര്‍ 7, 17 തീയതികളിലും മിസോറമിൽ നവംബര്‍ 7 നും മധ്യപ്രദേശില്‍ 17 നും രാജസ്ഥാന് 23 നും തെലങ്കാന നവംബര്‍ 30 നുമാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 3 ന് ആണ് അഞ്ചിടത്തേയും വോട്ടെണ്ണൽ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഏറ്റവും പുതിയ അഭിപ്രായ സര്‍വേ ഫലങ്ങളും പുറത്ത് വന്നിരിക്കുകയാണ്. പതിവ് പോലെ സി വോട്ടറുമായി ചേര്‍ന്നാണ് അഭിപ്രായ സര്‍വേ നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് മത്സരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശിലേയും രാജസ്ഥാനിലേയും സര്‍വേ ഫലങ്ങളാണ് ഇതില്‍ ശ്രദ്ധേയമായിരിക്കുന്നത്.
നിലവില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും മധ്യപ്രദേശില്‍ ബിജെപിയുമാണ് അധികാരത്തിലിരിക്കുന്നത്. എന്നാല്‍ സര്‍വേഫലങ്ങള്‍ കാണിക്കുന്നത് രണ്ട് സംസ്ഥാനങ്ങളിലും ഭരണമാറ്റം ഉണ്ടാകും എന്നാണ്. 2018 ല്‍ രണ്ടിടത്തും അധികാരത്തിലെത്തിയത് കോണ്‍ഗ്രസായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ രണ്ടിടത്തും സമാനമായ തലവേദനയാണ് കോണ്‍ഗ്രസ് അഭിമുഖീകരിച്ചത്.
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും തമ്മിലായിരുന്നു രണ്ടിടത്തും പോര്. രണ്ടിടത്തും മുതിര്‍ന്ന നേതാക്കളെ മുഖ്യമന്ത്രിമാരാക്കിയെങ്കിലും തീരുമാനം പലപ്പോഴും തിരിച്ചടിച്ചു. മധ്യപ്രദേശില്‍ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതോടെ സര്‍ക്കാര്‍ തന്നെ വീണു. രാജസ്ഥാനില്‍ പൈലറ്റ് ഇപ്പോഴും ഗെലോട്ട് സര്‍ക്കാരിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പിന് പ്രാധാന്യമേറെയാണ്.
എബിപി-സിവോട്ടര്‍ അഭിപ്രായ സര്‍വേ അനുസരിച്ച് രാജസ്ഥാന് തിരഞ്ഞെടുപ്പില്‍ ബിജെപി കാര്യമായ നേട്ടമുണ്ടാക്കും എന്നാണ് പറയുന്നത്. 200 അംഗ നിയമസഭയില്‍ ബിജെപിക്ക് 127 മുതല്‍ 137 വരെ സീറ്റുകള്‍ നേടാനാകുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. 2018 ല്‍ 38 ശതമാനം വോട്ടുകളാണ് നേടിയതെങ്കില്‍ ഇത്തവണ വോട്ട് വിഹിതം 46 ശതമാനമായി ഉയരുമെന്നും പ്രവചനമുണ്ട്.
നേരെമറിച്ച്, 42 ശതമാനം വോട്ട് വിഹിതം നേടുന്ന കോണ്‍ഗ്രസ് 59 മുതല്‍ 69 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് പ്രവചനം. രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം 101 സീറ്റാണ്. മധ്യപ്രദേശിലാകട്ടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് എബിപി-സിവോട്ടര്‍ അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നു.