
താഴത്തങ്ങാടിയാറ്റില്‍ ഇന്ന് കോട്ടയത്തിന്‍റെ ജലപൂരം ; വീറോടെ പൊരുതാന്‍ ഒൻപത് ചുണ്ടന്മാര്‍ ; വള്ളംകളിയുമായി ബന്ധപ്പെട്ട് ഇന്ന് കോട്ടയം ടൗണില്‍ ഗതാഗത നിയന്ത്രണം
സ്വന്തം ലേഖകൻ
കോട്ടയം: താഴത്തങ്ങാടിയാറ്റില്‍ ഇന്ന് കോട്ടയത്തിന്‍റെ ജലപൂരം. വീറോടെ പൊരുതാന്‍ ഒന്പത് ചുണ്ടന്മാര്‍ അണിഞ്ഞൊരുങ്ങി. നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടിയ ഒന്പത് ചുണ്ടന്‍മാരാണു കോട്ടയം ചാമ്ബ്യന്‍സ് ബോട്ട് ലീഗില്‍ ഇന്ന് പോരാട്ടത്തിനിറങ്ങുന്നത്.
വീയപുരം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), നടുഭാഗം (യുബിസി, കൈനകരി), ചമ്ബക്കുളം (ടൗണ്‍ ബോട്ട് ക്ലബ്, കുമരകം), കാട്ടില്‍തെക്കേതില്‍ (പോലീസ് ബോട്ട് ക്ലബ്), നിരണം (എന്‍സിഡിസി, കുമരകം), കാരിച്ചാല്‍ (പുന്നമട ബോട്ട് ക്ലബ്), പായിപ്പാടന്‍ (കുമരകം ബോട്ട് ക്ലബ്), ആയാപറമ്ബ് പാണ്ടി (വേമ്ബനാട് ബോട്ട് ക്ലബ്), സെന്‍റ് പയസ് ടെന്‍ത് (നിരണം ബോട്ട് ക്ലബ്) ചുണ്ടന്‍ വള്ളങ്ങളാണു മത്സരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനോദസഞ്ചാര വകുപ്പ്, കോട്ടയം വെസ്റ്റ് ക്ലബ് എന്നിവയുടെ നേതൃത്വത്തില്‍ കോട്ടയം നഗരസഭയുടെയും തിരുവാര്‍പ്പ് പഞ്ചായത്തിന്‍റെയും സഹകരണത്തോടെയാണു വള്ളംകളി. ജലമേളയ്ക്കു മുന്നോടിയായി ഇന്നലെ നടന്ന വഞ്ചിപ്പാട്ട് മത്സരം സി.കെ. സദാശിവന്‍ ഉദ്ഘാടനം ചെയ്തു.
ചെറുവള്ളങ്ങളുടെ മത്സരത്തില്‍ 28 വള്ളങ്ങള്‍ പങ്കെടുക്കും. വെപ്പ് എ ഗ്രേഡ്: പുന്നത്ര വെങ്ങാഴി, അമ്ബലക്കടവന്‍, കോട്ടപ്പറമ്ബന്‍. ഇരുട്ടുകുത്തി ഫസ്റ്റ് ഗ്രേഡ്: തുരുത്തിത്തറ, മാമ്മൂടന്‍. ചുരുളന്‍: വേലങ്ങാടന്‍, കോടിമത, മൂഴി. വെപ്പ് ബി ഗ്രേഡ്, ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിലും മത്സരം നടക്കും.
സ്റ്റാര്‍ട്ടിംഗ് പോയിന്‍റ് മുതല്‍ ഫിനീഷിംഗ് വരെ ഇരുകരകളിലും നിന്നു വള്ളംകളി കാണാന്‍ സൗകര്യമുണ്ട്. കുളപ്പുരയിലെ പ്രധാന പവലിയനില്‍ പ്രവേശനം പാസ് മൂലം. ഫോണ്‍: 9495704748, 9846885533.
ട്രോഫികളുമായി വിളംബരയാത്ര ഇന്ന് 12നു കോട്ടയം വെസ്റ്റ് ക്ലബില്‍ ആരംഭിക്കും. രണ്ടിനു കളക്ടര്‍ വി. വിഗ്‌നേശ്വരി പതാക ഉയര്‍ത്തും. മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. 2.30നു മാസ്ഡ്രില്‍. 2.45നു ജീവന്‍ സുരക്ഷ സ്വിമ്മിംഗ് അക്കാദമിയുടെ നീന്തല്‍ പ്രദര്‍ശനം. മൂന്നിനു ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് ആരംഭിക്കും. പിന്നാലെ ചെറുവള്ളങ്ങളുടെ ഹീറ്റ്‌സും ഫൈനലും നടക്കും. ഇതിനുശേഷമായിരിക്കും ചുണ്ടന്‍വള്ളങ്ങളുടെ ഫൈനല്‍.
വള്ളംകളിയുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 1മണി മുതൽ കോട്ടയം ടൗണില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ ബേക്കര്‍ ജംഗക്ഷനില്‍ എത്തി ചാലുകുന്ന്, അറത്തൂട്ടി, കുരിശുപള്ളി ജംഗക്ഷന്‍, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്.
കുമരകത്ത് നിന്നും കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍, തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാംപടം, പുളിമൂട് ജംഗക്ഷന്‍, ആര്‍. ആര്‍. ജംഗക്ഷന്‍ വഴി പോകേണ്ടതാണ്.
കുമരകത്ത്നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഇല്ലിക്കല്‍ ജംഗക്ഷനില്‍നിന്നും തിരുവാതുക്കല്‍ എത്തി പതിനാറില്‍ചിറ, സിമന്‍റ് ജംഗക്ഷന്‍വഴി പോകേണ്ടതാണ്.
ചങ്ങനാശ്ശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്‍റ് ജംഗക്ഷനില്‍ നിന്നും തിരിഞ്ഞ് പതിനാറില്‍ചിറ, തിരുവാതുക്കല്‍, ഇല്ലിക്കല്‍ ജംഗക്ഷന്‍ വഴി പോകേണ്ടതാണ്.
കുമ്മനം, കല്ലുമട ഭാഗത്തു നിന്നും കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കു പോകേണ്ടതാണ്.