സ്വന്തം ലേഖകൻ
ആലപ്പുഴ: വ്യാജരേഖ ചമച്ച് താലൂക്ക് ആശുപത്രിയിൽ ജോലി നേടാൻ ശ്രമിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. പുളിങ്കുന്ന് താലൂക്ക് ആശുപത്രി ക്ലർക്ക് ആര്യാട് തെക്ക് പഞ്ചായത്ത് അവലൂക്കുന്ന് ഗുരുപുരം മുറിയിൽ ഗീതം വീട്ടിൽ മനു ആർ. കുമാറിനെയാണ് (35) പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ ഔദ്യോഗിക സീലും ഓഫീസ് സീലും ഉപയോഗിച്ച് വ്യാജനിയമന ഉത്തരവ് ഉണ്ടാക്കിയെടുത്തായിരുന്നു തട്ടിപ്പ്നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ സെക്ഷൻ ഗുമസ്തനായി ജോലി നോക്കുന്ന ഇയാൾ കേസിൽ രണ്ടാം പ്രതിയായാൾക്ക് ജോലി ലഭിക്കുന്നതിനാണ് ആശുപത്രി സൂപ്രണ്ടിന്റെ അറിവും സമ്മതവുമില്ലാതെ ഔദ്യോഗിക സീൽ ഉപയോഗിച്ച് വ്യാജനിയമന ഉത്തരവ് ഉണ്ടാക്കിയത്.
സർക്കാർ ജോലി ലഭിച്ചെന്ന് വിശ്വസിപ്പിച്ച് രണ്ടാം പ്രതിയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിന് സാമ്പത്തിക സ്ഥാപനങ്ങളിൽനിന്ന് വായ്പ തരപ്പെടുത്തുന്നതിന് ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പുളിങ്കുന്ന് സി.ഐ എസ്. നിസാം, എസ്.ഐമാരായ സെബാസ്റ്റ്യൻ ജോസഫ്, ബൈജു, ബിനുമോൾ ജേക്കബ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രതീഷ് കുമാർ, രജീഷ് മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.