
എന്നാലും എന്റെ കള്ളാ …!ജീവിതത്തിലെ വെല്ലുവിളികളോട് പോരടിച്ച് അതിജീവനത്തിന് എല്ല് മുറിയെ പണിയെടുക്കുന്ന ഭിന്നശേഷിക്കാരനായ കച്ചവടക്കാരനോട് ക്രൂരത; ചിട്ടിപിടിച്ച 45000 രൂപയും അമ്മയുടെ മരുന്നും എടിഎം കാർഡുമടക്കം അടിച്ചു മാറ്റി കള്ളൻ
കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയില്‍ ഭിന്നശേഷിക്കാരനായ പെട്ടിക്കട കച്ചവടക്കാരന്റെ പണമടങ്ങിയ ബാഗ് മോഷണം പോയി.
ഏറെ കാലം കൊണ്ട് ചിട്ടി പിടിച്ച് സ്വന്തമാക്കിയ 45000 രൂപയും രോഗിയായ അമ്മയുടെ മരുന്നും ഉള്‍പ്പെടെയാണ് രമേശനെ കബളിപ്പിച്ച് കള്ളൻ കൊണ്ടു പോയത്. കടുത്തുരുത്തി സര്‍ക്കാര്‍ സ്കൂളിന് സമീപം റോഡരികില്‍ പെട്ടിക്കടയില്‍ ലോട്ടറി കട്ടവടം നടത്തുന്ന കെ.കെ.രമേശൻ എന്ന ഭിന്നശേഷിക്കാരന്റെ ബാഗാണ് കള്ളൻ മോഷ്ടിച്ചത്.
ജീവിതത്തിലെ വെല്ലുവിളികളോട് പോരടിച്ച് അതിജീവനത്തിന് എല്ല് മുറിയെ പണിയെടുക്കുന്ന ഭിന്നശേഷിക്കാരനോടാണ് മോഷ്ടാവിന്‍റെ കണ്ണില്ലാത്ത ക്രൂരത. കഴിഞ്ഞ ദിവസം കട തുറന്ന രമേശൻ കൈയിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് കടയില്‍ വച്ച ശേഷം റോഡിലേക്ക് ഇറങ്ങി നിന്ന് രമേശൻ ലോട്ടറി വിറ്റിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് ലോട്ടറി കച്ചവടം അവസാനിപ്പിച്ച് കടയില്‍ വീണ്ടുമെത്തി നോക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ചിട്ടി പിടിച്ച് സ്വന്തമാക്കിയ 45000 രൂപയ്ക്കു പുറമേ രോഗിയായ അമ്മയ്ക്കുള്ള മരുന്നുകളും രണ്ട് എ ടി എം കാര്‍ഡും മോഷണം പോയ ബാഗിലുണ്ടായിരുന്നുവെന്ന് കെ.കെ രമേശൻ പറഞ്ഞു.
രമേശൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കള്ളനെ കണ്ടുപിടിക്കാനായി അന്വേഷണം തുടങ്ങിയെന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.