
സ്വന്തംലേഖകൻ
കോട്ടയം : മാലിന്യസംസ്കരണം, ആരോഗ്യം, ശുചിത്വം എന്നിവക്ക് മുൻതൂക്കം നൽകുന്ന കോട്ടയം നഗരസഭയുടെ 2019-20 വർഷത്തേക്കുള്ള ബജറ്റ് വൈസ് ചെയർപേഴ്സണ്‍ ബിന്ദു സന്തോഷ്കുമാർ അവതരിപ്പിച്ചു. ചെയർപേഴ്സണ്‍ ഡോ.പി.ആർ.സോന അധ്യക്ഷയായിരുന്നു.
നഗരസഭാ പ്രദേശത്തെ ജൈവമാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന് വികേന്ദ്രീകൃത ഉറവിട മാലിന്യ സംസ്കരണത്തിന് വിവിധ പ്രദേശങ്ങളിലായി 102 തുമ്പുർമുഴി മോഡൽ ബയോബിൻ സ്ഥാപിക്കും. ഇതിനായി 73.5 ലക്ഷം രൂപ മാറ്റി വച്ചു. നിലവിലുള്ള ബയോഗ്യാസ് പ്ലാന്‍റിനെ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തന സജ്ജമാക്കുന്നതിന് 30 ലക്ഷം രൂപ വകയിരുത്തി.
പ്രദേശിക കുടിവെള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതി തയാറാക്കും.
സ്റ്റാർ ജംഗ്ഷനു സമീപം മിനി ഷോപ്പിംഗ് കോപ്ലംക്സ് സ്ഥാപിക്കും. ഇതിനുള്ള തുകമാറ്റി വച്ചു. കോടിമത പച്ചക്കറി മാർക്കറ്റിലെ അറ്റകുറ്റപ്പണികൾക്കായി 30 ലക്ഷം വകയിരുത്തി. ജൂബിലി പാർക്ക് , നെഹൃസ്റ്റേഡിയം എന്നിവയുടെ വികസനത്തിന് തുക വകയിരുത്തി. നാഗമ്പടം ബസ് സ്റ്റാൻഡിൽ ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി കെട്ടിടം നവീകരിക്കുന്നതിന് 35 ലക്ഷം വകയിരുത്തി. ബസ് സ്റ്റാൻഡ് യാർഡും ഓടയും നവീകരിക്കുന്നതിന് 45 ലക്ഷം വകയിരുത്തി. തിരുനക്കര ബസ് സ്റ്റാൻഡ് നവീകരിച്ച് കെട്ടിടത്തിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന് 50 ലക്ഷം വകയിരുത്തി. കുമാരനല്ലൂർ മിനി സ്റ്റേഡിയം വികസിപ്പിക്കുന്നതിന് 25 ലക്ഷം വകയിരുത്തി. 26,45,01,846 രൂപ മുൻ ബാക്കിയും 93,09,31,629 രൂപ തന്നാണ്ട് വരവും ആയി ആകെ 119,54,33,475 രൂപ വരവും 69,45,39,478 രൂപചെലവും 50,08,93,997 രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന 2018-19 ലേക്കുള്ള പുതുക്കിയ ബജറ്റും 50,08,93,997 രൂപ മുൻബാക്കിയും 182,17,79,191 രൂപ മതിപ്പ് വരവും ആയി ആകെ 232,26,73,188 രൂപ വരവും 207,63,42,079 രൂപ ചെലവും 24,63,31,109 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന 2019-20 വർഷത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റുമാണ് അവതരിപ്പിച്ചത്.
നാളെ രാവിലെ 11ന് കൗണ്‍സിൽ ഹാളിൽ ചേരുന്ന യോഗത്തിൽ ബജറ്റ് ചർച്ച ചെയ്തു പാസാക്കും.