ഇടുക്കി അണക്കെട്ടിലെ സുരക്ഷ കൂടുതല്‍ വ‍ര്‍ദ്ധിപ്പിച്ചു; താഴുകളിട്ടു പൂട്ടിയ സംഭവത്തിൽ അന്വേഷിക്കാൻ പ്രത്യേക സംഘം; പ്രതി പത്തു ദിവസത്തോളം സന്ദര്‍ശനം നടത്തിയത് വിവിധ സ്ഥലങ്ങളിലെന്ന് പോലീസ്

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ സുരക്ഷ കൂടുതല്‍ വ‍ര്‍ദ്ധിപ്പിച്ചതായി എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ. സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച്‌ ഡിഐജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. താഴുകളിട്ടു പൂട്ടിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഇടുക്കി എസ്‍.പി വി.യു കുര്യാക്കോസും പറഞ്ഞു.

ജൂലൈ 22നാണ് ഇടുക്കി അണക്കെട്ടിന്റെ അതീവ സുരക്ഷാ മേഖലയില്‍ കടന്ന് ഒറ്റപ്പാലം സ്വദേശി പതിനൊന്നിടത്ത് താഴികളിട്ടു പൂട്ടിയത്. ചെറുതോണി അണക്കെട്ടിൻന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന ഉരുക്കു വടത്തില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ തിരച്ചറിഞ്ഞിട്ടുണ്ടെന്നും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായും ഇടുക്കി എസ്.പി വ്യക്തമാക്കി. പ്രതിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് ബന്ധുക്കള്‍ പേലീസിനോട് പറഞ്ഞത്. കേസില്‍ തീവ്രവാദ ബന്ധത്തിന് നിലവില്‍ തെളിവുകളില്ലെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

തീവ്രവാദ ബന്ധം ഉള്‍പ്പെടെ സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് എറണാകുളം റേഞ്ച് ഐജി നേരിട്ടെത്തി സുരക്ഷ വിലയിരുത്തിയത്. വിദേശത്തു നിന്നെത്തിയ ഒറ്റപ്പാലം സ്വദേശി പത്തു ദിവസത്തോളം വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയതായി പോലീസ് പരിശോധനയില്‍ കണ്ടെത്തി. ഇവിടങ്ങില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ചെറുതോണിയില്‍ നിന്നും കൂടുതല്‍ താഴുകള്‍ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

വിദേശത്തു നിന്നും ഇയാളെ നാട്ടിലെത്തിച്ച്‌ ചോദ്യം ചെയ്താലേ കൃത്യമായ ലക്ഷ്യം മനസ്സിലാക്കാൻ കഴിയൂ. ഇതിനായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. അണക്കെട്ടില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാൻ കെഎസ്‌ഇബി ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം അടുത്ത ദിവസം നടക്കും.

ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസാണ് കേസിലെ പ്രതി. ഇയാള്‍ ഡാമില്‍ കടന്ന സമയത്ത് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആറ് പൊലീസുകാരെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. ഇടുക്കി ആര്‍ ക്യാമ്ബിലെ പോലീസുകാരായ രാജേഷ് കെ, ബിനോജ് വി എ, അബ്ദുള്‍ ഗഫൂര്‍, സുരേന്ദ്രൻ പി ആര്‍, അജേഷ് കെ ജി, മനു ഒ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

സന്ദര്‍ശകരെ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച്‌ പരിശോധിച്ച ശേഷമാണ് കടത്തി വിടേണ്ടത്. എന്നാല്‍ മുഹമ്മദ് നിയാസിനെ പരിശോധനകള്‍ ഇല്ലാതെ കടത്തി വിട്ടുവെന്ന് അഡീഷണല്‍ എസ്‌പി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിന് ശേഷം പ്രതി വിദേശത്തേക്ക് കടന്നിരുന്നു.