play-sharp-fill
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഫെബ്രുവരി 20 നും 21 നും ജില്ലയിൽ: ജാഥയെ സ്വീകരിക്കാൻ വൻ തയ്യാറെടുപ്പുകളുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഫെബ്രുവരി 20 നും 21 നും ജില്ലയിൽ: ജാഥയെ സ്വീകരിക്കാൻ വൻ തയ്യാറെടുപ്പുകളുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി

സ്വന്തം ലേഖകൻ

കോട്ടയം: കെ.പി.സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഫെബ്രുവരി 20 നും 21 നും ജില്ലയിൽ പര്യടനം നടത്തും. 
ഫെബ്രുവരി 20 ന് വൈകിട്ട് നാലിന് ജില്ലാ അതിർത്തിയായ മേലുകാവ് കാഞ്ഞിരം കവലയിൽ  ജില്ലാ നേതാക്കൾ ചേർന്ന് യാത്രയെ ജില്ലയിലേയ്ക്ക് സ്വീകരിയ്ക്കും. 20 ന് ജില്ലയിൽ എത്തുന്ന ജാഥ, 21 ന് ഒൻപത് നിയോജക മണ്ഡല കേന്ദ്രങ്ങളിലും സ്വീകരിക്കും. 
ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജാഥയെ നിശ്ചല ദൃശ്യങ്ങളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിക്കും. സ്വീകരണ സമ്മേളങ്ങളിൽ വനിതകളടക്കം വൻ ജനപങ്കാളിത്തം ഉണ്ടായിരിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഘടക കക്ഷിനേതാക്കളായ കെ.എം. മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് പ്രവർത്തക സമിതി അംഗം പി.സി.ചാക്കോ, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ് എം.എൽ.എ., യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എന്നിവർ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളങ്ങൾ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി. നേതാക്കളായ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എം.പി., ആന്റോ ആന്റണി എം.പി.,  രാജ്‌മോഹൻ ഉണ്ണിത്താൻ, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴയ്ക്കൻ, ലതികാ സുഭാഷ്, കെ.സി.അബു തുടങ്ങിയവർ പ്രസംഗിക്കും. 
ജനമഹായാത്രയുടെ സന്ദേശം വിളിച്ചോതുന്ന ജില്ലയിലെ 9 നിയമസഭാ നിയോജക മണ്ഡല ആസ്ഥാനങ്ങളിലും ജനമഹായാത്രയ്ക്ക് വൻ സ്വീകരണം നല്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. പര്യടന പരിപാടിയുടെ വിജയത്തിനായി ജില്ലാ- നിയോജക മണ്ഡല- ബൂത്ത് തലങ്ങളിൽ വിപുലമായ സ്വാഗത സംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിച്ച് വരുന്നു.  വിളംബര ജാഥകൾ തലേദിവസം എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും നടത്തുന്നതാണ്. 
ജനമഹായാത്രയുടെ ഭാഗമായി ബൂത്ത്കമ്മിറ്റികളുടെ നേതൃത്വത്തിൽ ഭവനസന്ദർശത്തിലൂടെ നടത്തിയ തെരഞ്ഞെടുപ്പ് ഫണ്ടൺ് സമാഹരണം വൻ വിജയമായി കഴിഞ്ഞു. ജില്ലയിലെ സമസ്ഥ ജനവിഭാഗങ്ങളിൽ നിന്നും വൻ സ്വീകാര്യതയാണ് പാർട്ടിയ്ക്ക് ലഭിച്ചത്. ഓരോ ബൂത്തിൽ നിന്നും സമാഹരിച്ച തുക മണ്ഡലം പ്രസിഡന്റുമാർ ഏറ്റുവാങ്ങി കെ.പി.സി.സി. പ്രസിഡന്റിന്  കൈമാറും. 
ജില്ലയിലെ പര്യടന പരിപാടിയ്ക്ക് നേതാക്കളായ കുര്യൻ ജോയി, ജോസഫ് വാഴയ്ക്കൻ, ലതികാ സുഭാഷ്, ടോമി കല്ലാനി, ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.ബി.ബാബുപ്രസാദ്, ജെയ്‌സൺ ജോസഫ്, അഡ്വ.പി.എ.സലിം, ഫിലിപ്പ് ജോസഫ്, ജോസി സെബാസ്റ്റ്യൻ, നാട്ടകം സുരേഷ്, ജ്യോതികുമാർ ചാമക്കാലാ, അഡ്വ.പി.എസ്.രഘുറാം, എ.കെ.ചന്ദ്രമോഹൻ, പ്രൊഫ.പി.ജെ.വർക്കി, മോഹൻ.കെ.നായർ, ബിജു പുന്നത്താനം, അഡ്വ.ജി.ഗോപകുമാർ തുടങ്ങിയവർ നേതൃത്വം നല്കും. 
കാസർകോട് നിന്ന് ഫെബ്രുവരി മൂന്നിനാണ് യാത്ര ആരംഭിച്ചത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കും, ഭരണപരാജയങ്ങൾക്കും, അക്രമരാഷ്ട്രീയത്തിനുമെതിരെ ജനമഹായാത്രയിൽ വൻപ്രചരണം നടത്തും. കൂടാതെ മതേതരത്വ സംരക്ഷണം, വിശ്വാസ സംരക്ഷണം, കേരളത്തിന്റെ സമഗ്രപുരോഗതി എന്നീ മുദ്രാവാക്യങ്ങളും യാത്രയിൽ ഉയർത്തുന്നതാണ്. ദേശീയ രാഷ്ട്രീയ സ്ഥിതിഗതികൾ വിശദീകരിക്കുക, ജനാധിപത്യ, മതേതര ആശയങ്ങൾ പ്രചരിപ്പിയ്ക്കുക, സമാധാന ജീവിതത്തിന് വെല്ലുവിളി ഉയർത്തുന്ന കൊലപാതക രാഷ്ട്രീയത്തിനും, അക്രമങ്ങൾക്കും, അതിക്രമങ്ങൾക്കുമെതിരെ ജനമനസ്സാക്ഷിയെ ഉണർത്തുക എന്നിവയാണ് ജനമഹായാത്രയിലൂടെ ലക്ഷ്യമിടുന്നത്.