Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: കെഎസ്‌ഇബി ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്കു പോയതിനെ തുടര്‍ന്ന് ഇടുക്കിയിലെ പീരുമേട്ടില്‍ 16 മണിക്കൂറിലധികം വൈദ്യുതി മുടങ്ങി.

ഇത് സംബന്ധിച്ച്‌ വകുപ്പു തല അന്വേഷണം ആരംഭിച്ചു. പീരുമേട് ഫീഡറിൻ്റെ പരിധിയിലെ നാലായിരത്തോളം ഉപഭോക്താക്കളാണ് ജീവനക്കാരുടെ യാത്ര മൂലം മണിക്കൂറുകളോളം ഇരുട്ടില്‍ കഴിയേണ്ടി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് പീരുമേട്ടില്‍ മഴ ശക്തമായിരുന്നു. തൊട്ടു പിന്നാലെ കറണ്ടും പോയി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട താലൂക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, സബ് ജയില്‍, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളില്‍ പോലും വൈദ്യുതി ഉണ്ടായിരുന്നില്ല.

ഓണം അവധി ആഘോഷിക്കാൻ പീരുമേട്ടിലെത്തിയ നൂറു കണക്കിന് സഞ്ചാരികളും ബുദ്ധിമുട്ടിലായി.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വൈദ്യുതി എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോത്തുപാറയിലുള്ള സെക്ഷൻ ഓഫീസിലേക്കു വിളിച്ചു. എല്ലാവരും ടൂര്‍ പോയെന്നായിരുന്നു മറുപടി.

പരാതികള്‍ വ്യാപകമായതോടെ രാത്രിയില്‍ വനിത സബ് എഞ്ചിനീയറുടെയും പ്രദേശവാസിയായ വണ്ടിപ്പെരിയാറിലെ സബ് എൻജീനിയറുടെയും നേതൃത്വത്തില്‍ തകരാര്‍ പരിഹരിക്കാൻ ശ്രമിച്ചു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ലൈനിലെ തകരാര്‍ കണ്ടെത്താനായില്ല. പതിനഞ്ചിലധികം പേരുടെ കുറവാണ് ഉണ്ടായിരുന്നത്.

തുടര്‍ന്ന് ശനിയാഴ്ച്ച രാവിലെ 10 മണിയോടെ ആണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
ഉദ്യോഗസഥര്‍ ഇതര സംസ്ഥാനത്തേക്ക് യാത്ര പോയത് ബോര്‍ഡില്‍ നിന്നു അനുവാദം വാങ്ങാതെയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവം സംബന്ധിച്ച്‌ പീരുമേട് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറോട് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ കെഎസ്‌ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.