പാവം പൊലീസുകാരന് സസ്‌പെൻഷനും പിരിച്ചു വിടലും: ഉന്നതന്മാരായ കള്ളന്മാർക്ക് വിവിഐപി സുരക്ഷ; കേസിൽപ്പെടുന്ന പൊലീസുകാർക്കെതിരെ മാത്രം നടപടി; ഐ.പി.എസുകാർക്ക് സുരക്ഷ ഉറപ്പ്; ഷിബുവിന്റെ പുറത്താകലിൽ കലാശിച്ചത് മുഖ്യമന്ത്രിയുടെ അനിഷ്ടം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേസിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തടയുന്ന ഉത്തരവിന് പിന്നാലെ, കെവിൻ കേസിൽ കുടുങ്ങിയ എസ്.ഐയെയും എ.എസ്.ഐയെയും പിരിച്ചു വിട്ട നടപടിയിൽ പൊലീസിൽ വൻ അമർഷം. സംസ്ഥാന പൊലീസിൽ എന്നും വേട്ടയാടപ്പെടുന്നത് സാദാ പൊലീസുകാരും സി.ഐ റാങ്ക് വരെയുള്ളവരുമാണെന്നു വ്യക്തമാകുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. മാധ്യമപ്രവർത്തകനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ ഡിവൈ.എസ്.പിയും, കസ്റ്റഡിമരണക്കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും സ്ഥാനക്കയറ്റവും ആനുകൂല്യങ്ങളും എല്ലാം ഏറ്റുവാങ്ങി സുഖമായി കഴിയുമ്പോഴാണ് സാദാ പൊലീസുകാർ സർവീസിൽ നിന്ന് പുറേേത്തയ്ക്ക് നടക്കുന്നത്.
കെവിൻ കേസിൽ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് എ.എസ്.ഐ ടി.എം ബിജുവിനെ സ്ർവീസിൽ നിന്ന് പിരിച്ച് വിടുകയും, ഗാന്ധിനഗർ എസ്.ഐ ആയിരുന്ന എം.എസ് ഷിബുവിന് പിരിച്ചു വിടൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ പൊലീസിൽ കൂടുതൽ അമർഷം പുകയുന്നത്. രാത്രിയിൽ ഫോൺ എടുത്തില്ലെന്നും, പരാതിയുമായി എത്തിയവരോട് അപമര്യാദയായി പെരുമാറിയെന്നും, കേസ് പരിഗണിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും, ഒരാളുടെ മരണ കാരണമാകാവുന്ന കൃത്യവിലോപം ഉണ്ടായെന്നുമാണ് എം.എസ് ഷിബുവിനെതിരെയുള്ള കുറ്റങ്ങൾ. ഇതേ തുടർന്നാണ് ഇദ്ദേഹത്തെ പിരിച്ചു വിടാൻ നടപടികൾ നീക്കിയത്. എന്നാൽ, കെവിനെ കാമുകി നീനുവിന്റെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയ സമയത്ത്, കോട്ടയം മെഡിക്കൽ കോളേജിന്റെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിച്ചേർന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി പോയിരുന്നതിനാൽ തനിക്ക് കെവിൻ കേസ് അന്വേഷിക്കാൻ സാധിച്ചില്ലെന്ന് എസ്.ഐ ഷിബു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് മുഖ്യമന്ത്രിയ്ക്കും സർക്കാരിനും സിപിഎമ്മിനും ഷിബുവിനോട് കടുത്ത അമർഷമുണ്ടായിരുന്നു. ഇതാണ് ഷിബുവിന്റെ പിരിച്ചു വിടലിൽ കലാശിച്ചത്.
വ്യക്തി വൈരാഗ്യത്തെ തുടർന്ന്് യുവാവിനെ കൊലപ്പൈടുത്തിയ കേസിൽ അറസ്റ്റിലായ മുൻ ഡിവൈഎസ്പി ഷാജിയെ പോലും ശിക്ഷിക്കപ്പെട്ട ശേഷമാണ് പിരിച്ചു വിട്ടത്. മാധ്യമപ്രവർത്തകനായ വി.ബി ഉണ്ണിത്താനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട ഡിവൈഎസ്പി ഇപ്പോഴും സർവീസിൽ തുടരുകയാണ്. പൊലീസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റും ഇദ്ദേഹമായിരുന്നു.
സമ്പത്ത് വധക്കേസിൽ ആരോപണ വിധേയനായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ കേസിൽ നിന്നും സിബിഐ തന്നെ ഒഴിവാക്കുകയായിരുന്നു. കേസിൽ കുടുങ്ങിയ ഐപിഎസ് ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം നേടി പരമാവധി ഉയരങ്ങൾ സ്വന്തമാക്കിയപ്പോൾ കേസിൽ പ്രതി ചേർക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ നിന്ന് പുറത്താണ്. സമ്പത്ത് വധക്കേസിൽ ആരോപണ വിധേയനായ ഉന്നത ഉദ്യോഗസ്ഥർ തന്നെ കൊച്ചിയിൽ പൊലീസിനെ ഭരിക്കുമ്പോഴാണ് ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതും കൊലപ്പെടുത്തിയതും. ഈ കേസിലും സാദാ പൊലീസ് ഉദ്യോഗസ്ഥർ സസ്‌പെൻഷനിലും കേസിലും പെട്ട് ഉഴറുമ്പോൾ ഉന്നതർ സസുഖം വാഴുകയാണ്. തങ്ങളെ ബലിയാടാക്കി ഉന്നതർ രക്ഷപെടുന്ന പൊലീസ് നീതിക്കെതിരെ കടുത്ത പ്രതിഷേധമാണ് സേനയിൽ ഇപ്പോൾ ഉയരുന്നത്.