കോട്ടയം കുടക്കച്ചിറയില്‍ അധികൃതരെ നോക്കുകുത്തിയാക്കി വീണ്ടും പാറ ഖനനം….! യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ദിനംപ്രതി കടത്തുന്നത് നൂറ് കണക്കിന്‌ ലോഡ്‌ പാറ; ലോഡ് വണ്ടികള്‍ കയറി റോഡ്‌ പൊട്ടിപൊളിഞ്ഞ നിലയിൽ; കരൂരിൽ പ്രതിഷേധവുമായി നാട്ടുകാര്‍

Spread the love

സ്വന്തം ലേഖിക

കുടക്കച്ചിറ: നിയമത്തെയും കോടതിയെയും അധികൃതരേയും നാട്ടുകാരെയും വെല്ലുവിളിച്ച്‌ കരൂര്‍ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ പാറമട ലോബിയുടെ അനധികൃത പാറഖനനം ഒരിടവേളയ്‌ക്കു ശേഷം പുനരാരംഭിച്ചതായി നാട്ടുകാര്‍.

കുടക്കച്ചിറ പള്ളിയുടെ കുരിശു പള്ളിയായ സെന്റ്‌ തോമസ്‌ മൗണ്ട്‌ ചാപ്പലിന്റെ തൊട്ടു താഴെയാണ്‌ പാറമട.
കേരള ഹൈക്കോടതിയുടെ പരഗണനയിലിരിക്കുന്ന ഖനനത്തിനെതിരെയുള്ള വ്യവഹാരം തീര്‍പ്പാക്കുന്നതിനു മുൻപായി അധികൃതരെ നോക്കുകുത്തിയാക്കി ഏകജാലകസംവിധാനത്തിലൂടെയാണ്‌ പാറമടയ്‌ക്ക്‌ അനുമതി സമ്പാദിച്ചിരിക്കുന്നതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസ്‌തുതകള്‍ മറച്ചുവച്ചതിന്റെ പേരിലും കോടതി തീര്‍പ്പാക്കാത്ത വിഷയം എന്നതിന്റെ പേരിലും ഖനനം കോടതിയലക്ഷ്യമാെണന്നു നിയമവിദഗ്‌ധര്‍ പറയുന്നു. പാരിസ്‌ഥിതിക അപാകതകള്‍ നിലനില്‍ക്കെ നിയമ നിബന്ധനകള്‍ കാറ്റില്‍ പറത്തി, ജെ.സി.ബി, ഹിറ്റാച്ചി, ബ്രെയ്‌ക്കര്‍, ജാക്ക്‌ ഹാമര്‍ എന്നീ യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ നൂറു കണക്കിന്‌ ലോഡ്‌ പാറയാണ്‌ ദിവസങ്ങളായി കടത്തിക്കൊണ്ടുപോയതെന്നും നാട്ടുകാര്‍.

തിമര്‍ത്ത്‌ പെയ്യുന്ന മണ്‍സൂണ്‍ മഴയത്ത്‌ ലോഡു വണ്ടികള്‍ കയറി ടാര്‍ റോഡ്‌ പൊട്ടിപൊളിഞ്ഞ്‌ പലയിടത്തും ഇടിഞ്ഞു താണിട്ടുണ്ട്‌. ഇത്‌ നാട്ടുകാരുടെ പ്രതിഷേധത്തിനും ഇടയാക്കി.

ജനരോഷത്തെത്തുടര്‍ന്ന്‌ കരൂര്‍ പഞ്ചായത്ത്‌ അടിയന്തിരമായി ഖനനം നിറുത്തിവയ്‌ക്കാന്‍ ഉത്തരവ്‌ നല്‍കിയെങ്കിലും ഇത്‌ അവഗണിച്ച്‌ പാറഖനനനം തുരുകയാണന്ന്‌ പ്രദേശവാസികള്‍ പറഞ്ഞു.

ഇനിയും നിയമ ലംഘനങ്ങള്‍ തുടര്‍ന്നാല്‍ ജനപ്രതിനിധികളെയും നാട്ടുകാരെയും അണിനിരത്തി പാറമട ഉപരോധിക്കുന്നതിനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ്‌ കരൂര്‍ പഞ്ചായത്തിലെ അനധികൃത പാറമടകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംയുക്‌ത പരിസ്‌ഥിതി സംരക്ഷണ ആക്ഷന്‍ കൗണ്‍സിലെന്ന്‌ കോര്‍ഡിനേറ്റര്‍ പ്രഫ.ജോര്‍ജ്‌ ജോസഫ്‌, കണ്‍വീനര്‍മാരായ മാത്യു വാഴകാട്ട്‌, സിജു പള്ളിക്കുന്നേല്‍, ഡെന്നീസ്‌ സെബാസ്‌റ്റ്യന്‍ എന്നിവര്‍ പറഞ്ഞു.