
സ്വന്തം ലേഖകൻ
കോട്ടയം: മുൻ മുഖ്യമന്ത്രിയും ജനനായകനുമായ ഉമ്മൻ ചാണ്ടി (79) ഇനി ഓർമ. ബെംഗളൂരുവിൽനിന്ന് ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. അർബുദത്തിനു ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം.
ബെംഗളൂരുവിൽനിന്ന് രണ്ടരമണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ച ത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ പുതുപ്പള്ളിഹൗസിലേക്ക് കൊണ്ടുപോയി. മുൻമന്ത്രി ടി.ജോണിന്റെ ബെംഗളൂരുവിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ഉമ്മൻചാണ്ടിയുടെ ഭൗതികശരീരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഭൗതികശരീരം ബെംഗളൂരുവിൽനിന്ന് പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വിമാനത്താവളത്തിൽനിന്ന് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലാണ് ആദ്യം മൃതദേഹം എത്തിക്കുക. അവിടെനിന്ന് നാലു മണിയോടെ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലെത്തിച്ച് പൊതുദർശനത്തിനു വയ്ക്കും.
തുടർന്ന്, അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോൾ പോയിരുന്ന സെക്രട്ടേറിയറ്റിനു സമീപത്തുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പൊതുദർശനം. ആറു മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. രാത്രി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്കു തന്നെ മൃതദേഹം കൊണ്ടുപോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അറിയിച്ചു. സെക്രട്ടേറിയറ്റിൽ പൊതുദർശനത്തിനു വച്ച ശേഷം ബുധനാഴ്ച രാവിലെ വിലാപയാത്രയായി തിരുവനന്തപുരത്തെ വീട്ടിൽനിന്ന് കോട്ടയത്തേക്കു കൊണ്ടുവരും. തിരുനക്കര മൈതാനത്തു പൊതുദർശനത്തിനു വച്ച ശേഷം പുതുപ്പള്ളിയിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലാണു സംസ്കാര ചടങ്ങുകൾ.