എന്താണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ? ; സാധാരണക്കാരനായ ഒരു 15 വയസുകാരനെ എങ്ങിനെ ഈ രോഗം പിടിമുറുക്കി ; ഒരു ചെറിയ പനിയിൽ തുടങ്ങി ജീവിതാന്ത്യത്തിലേക്കെത്തിക്കുന്ന ഈ രോഗത്തിന് വേണ്ടത് അതീവ ശ്രദ്ധ

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: ആലപ്പുഴ ജില്ലയിലെ പാണാവള്ളി സ്വദേശിയായ 15 വയസുകാരനെ മരണം കവർന്നത് പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന രോഗമാണ്. എന്താണി അമീബ, എങ്ങനെയാണിവ മനുഷ്യശരീരത്തിലേക്ക് കയറുന്നതെന്ന നൂറു സംശയങ്ങളാണ് ഈ മരണം സ്ഥിരികരിച്ചതിൽ പിന്നെ ആളുകൾക്ക്.

എന്നാൽ അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വളരെ വളരെ വിരളമായി പതിനായിരക്കണക്കിന് പേരില്‍ ഒരാള്‍ക്കായിരിക്കും ഈ രോഗം ബാധിക്കുക. രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപൂർവ്വ രോഗമായ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച് മരിച്ച പാണാവള്ളി സ്വദേശി ഗുരുദത്ത് തോട്ടിൽ കുളിക്കുമ്പോഴാണ് ശരീരത്തിലേക്ക് അമീബ പ്രവേശിച്ചിരിക്കാമെന്നാണ് ഇപ്പോഴത്തെ നിഗമനം.

തലച്ചോറ് തിന്നുന്ന അമീബയെന്നാണ് ഇവ അറിയപ്പെടുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്.

നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ഇത് എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.

പനി തലവേദന, ഛർദി അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. പതിനായിരത്തിൽ ഒരാൾക്ക് മാത്രം വരുന്ന അപൂർവ രോഗമാണിത്. കഴിഞ്ഞ മാസം 29നാണ് തുറവൂർ താലൂക്ക് ആശുപത്രിയിൽ കുട്ടിയെ പനി ബാധിച്ച് പ്രവേശിപ്പിച്ചത്. ഒന്നാം തീയതി കാഴ്ച മങ്ങിത്തുടങ്ങി, തലവേദന ഉണ്ടായി.

പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന സ്ഥിതിയായതോടെ വീട്ടുകാർ കൂടുതൽ ഭയന്നു. പിന്നീടാണ് കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇവിടെ നടത്തിയ വിദഗ്ദ പരിശോധനയിലാണ് മാരക അമീബ ശരീരത്തിലേക്ക് പ്രവേശിച്ചെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടിരുന്നു.

ആലപ്പുഴ ജില്ലയിൽ മറ്റാർക്കും രോഗം ബാധിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ ഹരിതാ വി കുമാർ അറിയിച്ചിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമല്ല ഇത്. അമീബ ശരീരത്തിലേക്ക് കടന്നാൽ മാത്രമേ അസ്വസ്ഥതകൾ അനുഭവപ്പെടൂ.

മാലിന്യം കലർന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകും. അതിനാൽ തന്നെ ഇവ ഒഴിവാക്കണം. കേരളത്തിൽ 2017ൽ ആലപ്പുഴ നഗരസഭയിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്.